ഒരു വിഎസ് പോകുമ്പോൾ ആയിരം വിഎസുമാർ ഉണരുമെന്ന് ബീനീഷ് കോടിയേരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. നമ്മുടെയെല്ലാം പ്രിയങ്കരനായ വി.എസ്. അച്യുതാനന്ദൻ വിടവാങ്ങിയപ്പോൾ, ചില കോണുകളിൽ നിന്ന് "അവസാനത്തെ കമ്മ്യൂണിസ്റ്റ്" എന്ന തരത്തിൽ പാർട്ടിക്കെതിരെ പരിഹാസങ്ങളും ആക്ഷേപങ്ങളും ഉയർന്നു കേൾക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ഇത്തരം ശ്രമങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്ന ഒരു സഹോദരിയുടെ വാക്കുകളാണ് ഈ വീഡിയോയിൽ നിങ്ങൾ കണ്ടതെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. ആ വിഡിയോ അദ്ദേഹം കമന്‍റ് ബോക്സില്‍ പിന്‍ ചെയ്തു.
അവരുടെ വാക്കുകൾ ഓരോ കമ്മ്യൂണിസ്റ്റ്കാരന്റെയും ഹൃദയത്തിൽ നിന്ന് വരുന്നതാണ്: "ഇത് കമ്മ്യൂണിസത്തിൻ്റെ അവസാനമല്ല, ആദ്യമാണ്!"
ഒരു വ്യക്തിയുടെ വിയോഗത്തോടെ അവസാനിക്കുന്നതല്ല കമ്മ്യൂണിസം. അത് ജനങ്ങളുടെ ഹൃദയത്തിൽ ജീവിക്കുന്ന ഒരു ആശയമാണ്. അസമത്വങ്ങൾക്കെതിരെയും അനീതികൾക്കെതിരെയും പോരാടാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന ആത്മാവാണ് കമ്മ്യൂണിസം. വി.എസ്. അച്യുതാനന്ദൻ എന്ന മഹാനായ നേതാവ് നമുക്ക് നൽകിയത് ആ പോരാട്ടവീര്യമാണ്. അദ്ദേഹത്തിന്റെ ജീവിതം തന്നെ സമരമായിരുന്നു, ആ സമരം ഇവിടെ അവസാനിക്കുന്നില്ല.
ഈ നാടിന്റെ ഓരോ മുക്കിലും മൂലയിലും ഇന്നും കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ജ്വലിച്ചു നിൽക്കുന്നത്, ലക്ഷക്കണക്കിന് സാധാരണക്കാരുടെ ജീവിതത്തിൽ അത് നൽകിയ വെളിച്ചം കൊണ്ടാണ്. തുല്യതയ്ക്കും നീതിക്കും വേണ്ടിയുള്ള ഈ യാത്രക്ക് ഒരിക്കലും അവസാനമില്ല.
വി.എസ്. അച്യുതാനന്ദൻ എന്ന ധീരസഖാവ് നമുക്ക് വഴികാട്ടാൻ ഉണ്ടായിരുന്നു, ഇനിയുമത് തുടരും. അദ്ദേഹത്തിൻ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം! ഒപ്പം, ഈ പ്രസ്ഥാനം കൂടുതൽ കരുത്തോടെ മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ച ഈ സഹോദരിക്ക് അഭിവാദ്യങ്ങൾ നേരുകയാണെന്നും ബിനീഷ് കുറിച്ചു.