ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശിനി വിപഞ്ചികയുടെ മൃതദേഹം കേരളത്തിലെത്തിച്ചു. യു.എ.ഇ സമയം വൈകിട്ട് 5.40-ഓടെ ദുബായ് വിമാനത്താവളത്തിൽ നിന്നാണ് മൃതദേഹം നാട്ടിലേക്ക് അയച്ചത്. വിപഞ്ചികയുടെ അമ്മയും മറ്റ് ബന്ധുക്കളും മൃതദേഹത്തെ അനുഗമിച്ചിരുന്നു. ഇന്ത്യൻ സമയം രാത്രി 12 മണിയോടെ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി. രാവിലെ ഷാർജയിൽ എംബാംമിങ് നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം ദുബായിൽ എത്തിച്ചത്. വിപഞ്ചികയുടെ ഭർത്താവ് നിതീഷും എംബാം സെന്ററിൽ എത്തിയിരുന്നു.
കഴിഞ്ഞ ഒന്‍പതാം തിയ്യതി ഉച്ചയ്ക്കാണ് കൊല്ലം ചന്ദനത്തോപ്പ് രജിത ഭവനില്‍ മണിയന്റേയും ഷൈലജയുടേയും മകള്‍ വിപഞ്ചിക (33), മകള്‍ വൈഭവി എന്നിവരെ ഷാര്‍ജ അല്‍ നഹ്ദയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് നിതീഷിന്റേയും സഹോദരിയുടേയും പിതാവിന്റേയും പീഡനത്തെത്തുടര്‍ന്ന് വിപഞ്ചിക ജീവനൊടുക്കിയതാണെന്ന ആരോപണം ഉയര്‍ന്നതോടെയാണ് സംസ്കാരം നീണ്ടുപോയത്. വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കണമെന്നായിരുന്നു അമ്മയുടെ ആവശ്യം. എന്നാല്‍ കുഞ്ഞിന്‍റെ സംസ്കാരം ദുബായില്‍ നടത്തണമെന്നതില്‍ വിപഞ്ചികയുടെ ഭര്‍ത്താവ് ഉറച്ചുനിന്നു. തുടര്‍ന്നാണ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ചര്‍ച്ച. വൈഭവിയുടെ സംസ്കാരം ദുബായില്‍ നടത്താനും വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കാനും തീരുമാനമായി.
ഒന്‍പതു ദിവസം നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍ ഒന്നര വയസ്സുകാരി വൈഭവി പ്രവാസമണ്ണിനോട് ചേര്‍ന്നു. കുട്ടിയുടെ അച്ഛനും അമ്മയുടെ ബന്ധുക്കളും തമ്മില്‍ ധാരണയായതോടെയാണ് സംസ്കാരത്തിനുള്ള തടസങ്ങള്‍ നീങ്ങിയത്. ദുബായ് ജബല്‍ അലി ന്യൂസോണാപൂരിലെ പൊതുശ്മശാനത്തില്‍ വൈകിട്ടായിരുന്നു സംസ്കാരച്ചടങ്ങ്. കുഞ്ഞിന്റെ മൃതശരീരം സംസ്കാരത്തിനു എത്തിച്ചപ്പോള്‍ പിതാവ് നിതീഷ് നിയന്ത്രണം വിട്ടുകരഞ്ഞു. കുഞ്ഞിനെ അവസാനമായി കാണാന്‍ നിതീഷിന്റേയും വിപഞ്ചികയുടേയും ബന്ധുക്കളും എത്തിയിരുന്നു.
ഭര്‍ത്താവിന്‍റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനം സഹിക്കവയ്യാതെ ജീവനൊടുക്കുന്നുവെന്നും തന്‍റെ മരണത്തില്‍ ഭര്‍ത്താവ് നിതീഷ്, ഭര്‍തൃ സഹോദരി, ഭര്‍ത്താവിന്‍റെ പിതാവ് എന്നിവരാണ് ഉത്തരവാദികളെന്നും ആത്മഹത്യാക്കുറിപ്പില്‍ വിപഞ്ചിക കുറിച്ചിരുന്നു. സ്ത്രീധനം പോരെന്നും, വിവാഹം ആഡംബരമായി നടത്തിയില്ലെന്നും പറഞ്ഞ് ഉപദ്രവിച്ചിരുന്നുവെന്നും വിവാഹമോചനം ആവശ്യപ്പെട്ട് ബുദ്ധിമുട്ടിച്ചുവെന്നും ഭക്ഷണവും വെള്ളവും പോലും നല്‍കിയില്ലെന്നും മരിക്കുന്നതിന് മുന്‍പ് തയ്യാറാക്കിയ ഫെയ്സ്ബുക്ക് പോസ്റ്റില്‍ വിപഞ്ചിക വിശദീകരിച്ചിരുന്നു. ഭര്‍തൃപിതാവ് തന്നോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നും ഇത് ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹത്തിന് വേണ്ടി കൂടിയാണ് വിപഞ്ചികയെ വിവാഹം കഴിച്ചതെന്നും നിതീഷ് പറഞ്ഞതായും കുറിപ്പില്‍ എഴുതിയിരുന്നു.