പുന്നപ്ര– വയലാറിന്, ആലപ്പുഴയ്ക്ക് മറക്കാനാകാത്ത രണ്ടക്ഷരമാണ് വിഎസ്, ആലപ്പുഴയുടെ ചെന്താരകം. ഒടുവില്‍ അവസാനമായി യാത്ര പറയാന്‍ തങ്ങളുടെ പ്രിയ സഖാവ് എത്തിയപ്പോള്‍ ഇടനെഞ്ചിലേക്ക് സ്വീകരിച്ചു ആലപ്പുഴ ജില്ല. വിഎസ് അച്യുതാനന്ദന്‍ എന്ന ജനനായകന്‍റെ പോരാട്ട ജീവിതം തുടങ്ങിയ നാട്. കേരളം കണ്ട ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്നായ പുന്നപ്ര– വയലാറിന്‍റെ ദേശത്ത് ആ യാത്ര അവസാനിക്കുകയാണ്, ഒരിക്കലും മങ്ങാത്ത കനലോര്‍മ്മയായി.... ഇന്ന് രാവിലെ ആലപ്പുഴ ഡിസിയില്‍ പൊതുദര്‍ശനമുണ്ടാകും.
Also read: വിപ്ലവമണ്ണിലേക്ക് അന്ത്യയാത്ര; വഴിനീളെ വന്‍ജനാവലി; വിട വീരനായകാ
11 മണി മുതല്‍ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. നാലുമണിക്ക് വലിയചുടുകാട്ടിലായിരിക്കും സംസ്കാരം. ജനങ്ങളുടെ നേതാവായി കണ്ണിലും കരളിലും കനലുപടര്‍ത്തിയാണ് വി.എസ്.മടങ്ങുന്നത്. പതിറ്റാണ്ടുകളായി വിഎസിന്‍റെ രാഷ്ട്രീയഭരണ തട്ടകമായ തിരുവനന്തപുരം പ്രിയസഖാവിന് വിട പറഞ്ഞു. ജനസഹസ്രങ്ങളില്‍ ആ രണ്ടക്ഷരം എത്രമാത്രം ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്നതിന്‍റെ നേര്‍സാക്ഷ്യങ്ങളാണ് അനന്തപുരിയുടെ വീഥികളില്‍ കണ്ടത്. പാർട്ടി ആസ്ഥാനത്തും കുന്നുകുഴിയിലെ വേലിക്കകത്ത് വീട്ടിലും ഒടുവിൽ സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലും കണ്ടത് ഒന്നുമാത്രമായിരുന്നു... പ്രിയ നേതാവിനോടുള്ള സമാനതകളില്ലാത്ത സ്നേഹം. ആ സ്നേഹം വിഎസിനെ വിട്ടുകൊടുക്കാതെ പൊതിഞ്ഞു. ആ സ്നേഹത്തിനു മുന്നില്‍ സമയക്രമമെല്ലാം തെറ്റിച്ച് ഒടുവില്‍ കൊല്ലത്ത്. രാത്രിയിലെ മഴയെയും അവഗണിച്ചാണ് ആളുകൾ പ്രിയനേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. മഴയത്തും തടിച്ചുകൂടിയ ജനം പറഞ്ഞു... ‘ഞങ്ങള്‍ കണ്ടിട്ടേ പോകുകയുള്ളൂ’.
പലയിടത്തും വികാരഭരിതമായ രംഗങ്ങളുമുണ്ടായി. വിതുമ്പലോടെ മുഷ്ടിചുരുട്ടി എല്ലാവരും ഏറ്റുവിളിച്ചു ‘കണ്ണേ... കരളേ... വീഎസ്സേ..., ലാല്‍ സലാം സഖാവേ’ പുന്നപ്ര വെന്തലത്തറ വീട്ടില്‍ ശങ്കരന്‍റെയും മണ്ണഞ്ചേരി മാലൂര്‍ തോപ്പില്‍ വീട്ടില്‍ അക്കമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20നാണ് വി.എസ്. അച്യുതാനന്ദന്‍ ജനിച്ചത്. കുട്ടിക്കാലം ചെലവഴിച്ച വെന്തലത്തറ വീട്ടില്‍ അനുജത്തി ആഴിക്കുട്ടിയും കുടുംബവുമാണ് താമസിക്കുന്നത്. വെറും നാലര വയസ് മാത്രം പ്രായമുള്ളപ്പോള്‍ വസൂരി ബാധിച്ച് അമ്മ അക്കമ്മയെ വി.എസിന് നഷ്ടമായി. 11–ാം വയസ്സിൽ അച്ഛന്‍ ശങ്കരനും മരിച്ചു. കുടുംബത്തിന്‍റെ ചുമതലയത്രയും മൂത്ത ജ്യേഷ്ഠനായി. വൈകാതെ ചേട്ടനൊപ്പം തുന്നല്‍ ജോലിക്കിറങ്ങി. കയര്‍ ഫാക്ടറിയില്‍ തൊഴിലാളിയായി. കുട്ടനാട്ടിലെയും അമ്പലപ്പുഴയിലെയും കര്‍ഷകത്തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് എ.കെ.ജിയെയും എ.വി. കുഞ്ഞമ്പുവിനെയും അടുത്തറിഞ്ഞത്.
പി. കൃഷ്ണപിള്ളയാണ് വി.എസിനെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുനയിച്ചത് . വൈകാതെ സര്‍ സി.പി. രാമസ്വാമി അയ്യര്‍ക്കെതിരായ പുന്നപ്ര–വയലാര്‍ സമരം. പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം പൂഞ്ഞാറിലേക്ക് പോയ വി.എസ്. പൊലീസ് പിടിയിലായി. കൊടിയമര്‍ദ്ദനമേറ്റു. കാല്‍വെള്ളയില്‍ ബയണറ്റ് തുളഞ്ഞുകയറി. പോലീസ് അറസ്റ്റിനെ തുടർന്ന് ലോക്കപ്പിൽ ക്രൂരമായ മർദ്ദനത്തിനിരയായി. പിന്നീട് നാലു വർഷം പൂജപ്പുര സെൻട്രൽ ജയിലിൽ തടവിലായി. സ്വാതന്ത്ര്യാനന്തരം ഭൂമിക്കുവേണ്ടിയുള്ള സമരങ്ങളുടെ മുന്നണിപ്പോരാളിയായി വി.എസ് മാറി. വൈകാതെ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക്. എസ്.എ ഡാങ്കെയുടെ ഏകാധിപത്യ ശൈലിയില്‍ പ്രതിഷേധിച്ച് 1964 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോയ 32 പേരിലൊരാള്‍ വി.എസ്. ആയിരുന്നു.
അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റിനെയും ബന്ധിപ്പിച്ച അവസാനകണ്ണിയാണ് വിടവാങ്ങുന്നത്. പ്രായാധിക്യത്തെ തുടര്‍ന്ന് സ്വയം പിന്‍മാറുന്നത് വരെ തിരഞ്ഞെടുപ്പുകളെ പാര്‍ട്ടി നേരിട്ടപ്പോഴൊക്കെ ഒന്നുകില്‍ സ്ഥാനാര്‍ഥിയായി അല്ലെങ്കില്‍ പ്രധാനചുമതലക്കാരനായി വി.എസ് നിറഞ്ഞു നിന്നിരുന്നു. തിരുവനന്തപുരത്തെ എസ്.യു.ടി. ആശുപത്രിയിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 3.20 ഓടെയായിരുന്നു വിഎസ് അച്യുതാനന്ദന്‍റെ അന്ത്യം.