anusha-vizhinjam

തിരുവനന്തപുരം വിഴിഞ്ഞത്ത് വെങ്ങാനൂർ വെണ്ണിയൂരിൽ 18 കാരിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിവിള നെടിഞ്ഞൽ കിഴക്കരിക് വീട്ടിൽ അജുവിന്റെയും സുനിതയുടെയും മകൾ അനുഷയാണ് മരിച്ചത്. അയല്‍വാസിയായ സ്ത്രീ അസഭ്യം പറഞ്ഞതിന്‍റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് പരാതി. 

ധനുവച്ചപുരം ഐടിഐയിൽ പ്രവേശനം നേടി ക്ലാസ് തുടങ്ങുന്നത് കാത്തിരിക്കുകയായിരുന്നു അനുഷ. കഴിഞ്ഞ ദിവസം അയല്‍ക്കാരി വീട്ടിലെത്തി അനുഷയെ അസഭ്യം പറഞ്ഞിരുന്നു. അയല്‍ക്കാരിയുടെ മരുമകളെ അനുഷയുടെ വീട്ടുവളപ്പിലൂടെ ഭര്‍ത്താവിന്‍റെ വീട്ടിലെത്താന്‍ സഹായിച്ചു എന്നു പറഞ്ഞായിരുന്നു ചീത്തവിളിച്ചത്. അയൽവീട്ടുകാരുമായി നേരത്തെ തന്നെ കുടുംബപ്രശ്നം ഉണ്ടായിരുന്നതാണെന്ന് പിതാവ് പറഞ്ഞു. 

അയല്‍ക്കാരിയുടെ മകന്‍ ഈയിടെ രണ്ടാമത് വിവാഹം കഴിച്ചിരുന്നു. ഇതറിഞ്ഞ് ആദ്യഭാര്യ അനുഷയുടെ വീട്ടുവളപ്പിലെത്തുകയും ഇവിടെയുള്ള മതില്‍ കടന്ന് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോവുകയുംചെയ്തു. ഇതിന് സഹായിച്ചെന്ന് പറഞ്ഞാണ് അനുഷയെ അസഭ്യം പറഞ്ഞത്. വിഷയത്തില്‍ പിതാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സംഭവസമയം അനുഷയും രോഗിയായ മുത്തച്ഛൻ നേശമണിയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. സംഭവത്തിന് പിന്നാലെ ഇരുനില വീടിൻറെ രണ്ടാം നിലയിലെ മുറിയിലെ ഫാനിലാണ് അനുഷ ജീവനൊടുക്കിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് പെൺകുട്ടി മരിച്ചത്. അസ്വഭാവിക മരണത്തിന് വിഴിഞ്ഞം പൊലീസ് കേസ് എടുത്തിട്ടുണ്ട്. ആരതിയാണ് സഹോദരി. 

ENGLISH SUMMARY:

Anusha, an 18-year-old girl, died by suicide in Vizhinjam, Thiruvananthapuram, reportedly due to harassment by a neighbor. Police have registered a case of unnatural death following a complaint from her father regarding the neighbor's abuse.