വി.എസ്. അച്യുതാനന്ദന് അവസാനമായി വിട നൽകി പാർട്ടി ആസ്ഥാനം. സി.പി.എമ്മിന്റെ പാർട്ടി ആസ്ഥാനമായിരുന്ന എ.കെ.ജി. പഠനകേന്ദ്രത്തിലെ പൊതുദർശനം അവസാനിച്ചു. ആയിരക്കണക്കിന് ആളുകളാണ് ജനസാഗരമായി ഇവിടെയെത്തി തങ്ങളുടെ പ്രിയ നേതാവിന് അന്ത്യാഭിവാദ്യമർപ്പിച്ചത്. അന്തരീക്ഷം നിറയെ 'കണ്ണേ കരളേ വി.എസ്സേ...' എന്ന മുദ്രാവാക്യം മുഴങ്ങി. പ്രകാശ് കാരാട്ട് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. രാത്രി 12 മണിയോടെ ഭൗതികദേഹം തിരുവനന്തപുരം കുന്നുകുഴിയിലെ വീട്ടിലെത്തിച്ചു.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.20-ന് തിരുവനന്തപുരം എസ്.യു.ടി. ആശുപത്രിയിലായിരുന്നു അന്ത്യം. സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നുള്ളവരാണ് ആരാധ്യനേതാവിനെ അവസാനമായി ഒരു നോക്കുകാണാൻ ആശുപത്രിയിലേക്ക് ഒഴുകിയെത്തിയത്. വി.എസ്സിന്റെ അവസാന നിമിഷങ്ങളിൽ ബന്ധുക്കളെ ആശ്വസിപ്പിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങൾക്കു മുന്നിലെത്തി വി.എസ്സിനെ അനുസ്മരിച്ചു. കേരളവും രാജ്യവും കണ്ട മഹാനായ കമ്യൂണിസ്റ്റ് പോരാളിയാണ് വി.എസ്. എന്നും വി.എസ്. എന്ന രണ്ടക്ഷരം കേരളീയ സമൂഹത്തിൽ പോരാട്ടത്തിന്റെ പ്രതീകമായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.
ഇന്ന് രാവിലെ ഒൻപതിന് ദർബാർ ഹാളിലേക്ക് പൊതുദർശനത്തിനായി എത്തിക്കും. ഉച്ചയോടെ ദേശീയപാത 66 വഴി ആലപ്പുഴയിലേക്ക് വി.എസ്സിന്റെ ഭൗതികദേഹം കൊണ്ടുപോകും. രാത്രിയോടെ ആലപ്പുഴയിലെ വീട്ടിലെത്തിക്കും. ബുധനാഴ്ച രാവിലെ 9 വരെ ആലപ്പുഴയിലെ വീട്ടിൽ പൊതുദർശനം തുടരും. തുടർന്ന് 11 മണി വരെ സി.പി.എം. കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനായി എത്തിക്കും. മൂന്നുമണി വരെ ബീച്ചിനു സമീപത്തെ മൈതാനത്തും പൊതുദർശനം ഉണ്ടാകും. വൈകീട്ടോടെ ആലപ്പുഴ വലിയ ചുടുകാട്ടിൽ സംസ്കാരം നടത്തും.