തിരുവനന്തപുരം വിമാനത്താവളത്തിൽ കട്ടപ്പുറത്തായ ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 ബി തിരിച്ചുപറന്നു. വിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു. കഴിഞ്ഞ മാസം 14 നായിരുന്നു വിമാനം തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തർ ലാൻഡിങ് നടത്തിയത്. വിമാനത്തിന്റെ ഹൈഡ്രോളിക് സിസ്റ്റം തകരാറിൽ ആയതോടെ തിരിച്ചു പറക്കാനായില്ല. Also Read: 'മകനേ മടങ്ങി വരൂ'...യു.കെ മലയാളിയുടെ പരസ്യത്തിലും ബ്രിട്ടീഷ് യുദ്ധവിമാനം F 35
ബ്രിട്ടിഷ് നേവിയുടെ വിമാനവാഹിനിക്കപ്പൽ എച്ച്.എം എസ് പ്രിൻസ് ഓഫ് വെയിൽസിലെ സാങ്കേതിക വിദഗ്ധരെത്തി തകരാർ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ബ്രിട്ടനിൽ നിന്ന് നാൽപതംഗ പ്രത്യേക വിദഗ്ധ സംഘത്തെ ജൂലൈ 6ന് റോയൽ എയർഫോഴ്സ് യുദ്ധവിമാനമായ എ-400ൽ തിരുവനന്തപുരത്ത് എത്തിച്ചു. അവരുടെ നേതൃത്വത്തിൽ നടന്ന അറ്റകുറ്റപ്പണിക്കൊടുവിലാണ് വിമാനത്തിന്റെ തകരാറുകൾ പരിഹരിച്ചത്.
എയർ ഇന്ത്യയുടെ ഹാങറിലാണ് അറ്റകുറ്റപണികൾ നടന്നത്. ലോകത്തിലെ ഏറ്റവും അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഒന്നായ എഫ് 35 ദിവസങ്ങളോളം തിരുവനന്തപുരം വിമാനത്താവളത്തിലെ റൺവേയിൽ മഴയും വെയിലും കൊണ്ട് കിടന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ട്രോൾ ആയി മാറിയിരുന്നു.
അദാനി തിരുവനന്തപുരം ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡാണ് തിരുവനന്തപുരം വിമാനത്താവളം നിയന്ത്രിക്കുന്നത്. അതിനാല്‍ വിമാനത്തിന്റെ പാര്‍ക്കിങ് ഫീസിനത്തിലുള്ള തുക അദാനി കമ്പനിക്കാകും ബ്രിട്ടന്‍ നല്‍കേണ്ടി വരിക. വിമാനത്തിന്‍റെ പരമാവധി ടേക്ക് ഓഫ് ഭാരം അടിസ്ഥാനമാക്കിയാണ് പാര്‍ക്കിങ് ഫീസ് ഈടാക്കുക.
ജൂണ്‍ 14 നാണ് എഫ്–35ബി തിരുവനന്തപുരം വിമാത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. 38 ദിവസത്തെ വാടകയാണ് വിമാനത്താവളത്തിന് നല്‍കേണ്ടത്. 38 ദിവസത്തേക്ക് 9,97,918 രൂപയാണ് വാടക. ഇതിനൊപ്പം ലാന്‍ഡിങ് ചാര്‍ജും ബ്രിട്ടന്‍ നല്‍കേണ്ടി വരും. 1-2 ലക്ഷം രൂപ വരെ ഇതിന് ചെലവ് വരും. മൊത്തത്തില്‍ 10 ലക്ഷം രൂപയ്ക്ക് മുകളില്‍ തുക വിമാനം വന്നിറങ്ങിയ വകയില്‍ അദാനി കമ്പനിക്ക് ലഭിക്കും.