satheesh-job-lost
  • സൈറ്റ് എന്‍ജിനീയറായി ജോലി ചെയ്യുകയായിരുന്നു
  • നടപടി അതുല്യയുടെ കുടുംബത്തിന്‍റെ പരാതിയില്‍
  • അതുല്യ ജീവനൊടുക്കിയത് കഴിഞ്ഞ വെള്ളിയാഴ്ച

ഷാര്‍ജയിലെ ഫ്ലാറ്റില്‍ ജീവനൊടുക്കിയ കൊല്ലം സ്വദേശി അതുല്യയുടെ മരണത്തില്‍ ഭര്‍ത്താവ് സതീഷിനെതിരെ നടപടി. സതീഷിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി ദുബായിലെ സ്വകാര്യ കമ്പനി രേഖാമൂലം അറിയിച്ചു. ഒരു വര്‍ഷം മുന്‍പാണ് സതീഷ് ഇവിടെ സൈറ്റ് എന്‍ജിനീയറായി ജോലിയില്‍ പ്രവേശിച്ചത്. ഭാര്യയെ സതീഷ് നിരന്തരം ഉപദ്രവിക്കുകയും ഗാര്‍ഹിക  പീഡനത്തിന് വിധേയമാക്കുകയും ചെയ്തുവെന്നും മരണം സതീഷിന്‍റെ ഉപദ്രവം സഹിക്കവയ്യാതെയാണെന്നും ചൂണ്ടിക്കാട്ടി അതുല്യയുടെ ബന്ധുക്കള്‍ കമ്പനിക്ക് പരാതി നല്‍കിയിരുന്നു. ഷാര്‍ജയിലുള്ള സതീഷിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.  Also Read: 17 വയസില്‍‌ നിശ്ചയം, 48 പവന്‍ സ്ത്രീധനം

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെയാണ് ഷാര്‍ജയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ അതുല്യയെ കണ്ടെത്തിയത്. കെട്ടിട നിര്‍മാണ കമ്പനിയില്‍ എന്‍ജിനീയറായ ഭര്‍ത്താവ് സതീഷുമായി വഴക്കിട്ട ശേഷമായിരുന്നു മരിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സതീഷ് കടുത്ത മദ്യപാനിയായിരുന്നുവെന്നും അതുല്യയെ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നുവെന്നും കുടുംബവും സുഹൃത്തുക്കളും പറയുന്നു. മദ്യപിച്ചാണ് സതീഷ് താലികെട്ടാന്‍ എത്തിയതെന്ന് അതുല്യയുടെ അച്ഛന്‍ വെളിപ്പെടുത്തി. തങ്ങളുടെ വീട്ടിലെ കിണറ്റില്‍ ചാടി മരിക്കുമെന്ന് സതീഷിന്‍റെ അമ്മ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് വിവാഹം നടത്തിയതെന്നും ബാറില്‍ കയറി സുഹൃത്തുക്കളുമൊത്ത് മദ്യപിച്ച ശേഷമാണ് വിവാഹപ്പന്തലിലേക്ക് എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  Read More: ‘മൂത്രം കുടിപ്പിച്ചു, അടിവസ്ത്രം ഊരി മുഖത്തെറിഞ്ഞു’; സതീഷിന്‍റെ ക്രൂരത

പൊതുചടങ്ങില്‍ വെച്ച് അതുല്യയെ കണ്ടു ഇഷ്ടപ്പെട്ടാണ് സതീഷ് വീട്ടുകാരുമായി ആലോചിച്ച് വിവാഹം നടത്തിയത്. ഗംഭീരമായി നടത്തിയ വിവാഹനിശ്ചയത്തിന് ശേഷം ഏറെ നാള്‍ കഴിഞ്ഞായിരുന്നു വിവാഹം. 2011ല്‍ നടന്ന വിവാഹത്തില്‍ 48 പവനും ബൈക്കും വാങ്ങി നല്‍കിയിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ ശേഷമുള്ള മദ്യപാനം വലിയ പ്രശ്നത്തിലേക്ക് പോയപ്പോള്‍ അതുല്യ വിവാഹ മോചനത്തിനു അപേക്ഷ നല്‍കി. കുടുംബകോടതിയില്‍ കേസ് എത്തി. എന്നാല്‍ കൗണ്‍സിലിങ്ങ് സമയത്തും വിവാഹമോചനത്തില്‍ ഉറച്ച് നിന്നപ്പോള്‍ കൗണ്‍സിലര്‍മാരുടെ മുന്നില്‍വെച്ച് തന്നെ അതുല്യയുടെ കാലില്‍ വീണു. മാപ്പ് പറഞ്ഞു കാലില്‍ വീണ സതീഷ് വിവാഹ മോചനത്തില്‍ നിന്നു പിന്‍മാറിയാലെ എഴുന്നേല്‍ക്കുകയുള്ളു എന്നും വാശിപിടിച്ചിരുന്നു. തുടര്‍ന്ന് പ്രശ്നങ്ങള്‍ പരിഹരിച്ചുവെന്ന് വരുത്തിയാണ് അതുല്യയെ കൂട്ടി സതീഷ് മടങ്ങിയത്. 

ENGLISH SUMMARY:

Satheesh Shankar, husband of Kollam native Athulya Sekharan who died by suicide in Sharjah, has been fired from his Dubai-based company. Relatives had complained of domestic violence, alleging his abuse led to Athulya's death. Efforts continue to bring Satheesh to India.