സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ കൈക്കൂലിയിടപാടുകള്‍ വ്യാപകമെന്ന് വീണ്ടും സ്ഥിരീകരിച്ച് വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന. നേരിട്ട് കൈക്കൂലി വാങ്ങുന്നത് ഒഴിവാക്കിയ ഉദ്യോഗസ്ഥര്‍ ഓണ്‍ലൈനായാണ് കൈക്കൂലി വാങ്ങുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഭൂരിഭാഗം ആർടി ഓഫീസുകളുടെയും നിയന്ത്രണം ഏജന്‍റുമാരുടെ കൈകളിലാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഓഫിസടയ്ക്കാന്‍ കഷ്ടിച്ച് ഒരു മണിക്കൂറുള്ളപ്പോളാണ് സംസ്ഥാനത്തെ 84 മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ വിജിലന്‍സിന്‍റെ ഓപ്പറേഷൻ ക്ലീൻ വീൽസ് മിന്നല്‍ പരിശോധന. കളക്ഷനുമായി വീട്ടില്‍ പോകാനിരുന്ന ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ കുടുങ്ങി. കൊച്ചി കാക്കനാട് ഓഫിസിലെ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ അക്കൗണ്ടിലൂടെ നടന്നത് ലക്ഷങ്ങളുടെ ഇടപാട്. പണം കൈമാറിയവരില്‍ വാഹന ഡീലര്‍മാരും, ഡ്രൈവിങ് സ്കൂള്‍ ഉടമകളും. ഇതോടെ ഇടപാടുകള്‍ സംബന്ധിച്ച് വിജിലന്‍സ് വിശദമായ പരിശോധന ആരംഭിച്ചു.
കൈക്കൂലി നല്‍കാനായി വിവിധ ഓഫീസുകളില്‍ ഇടനിലക്കാർ കൊണ്ടുവന്ന ഒരു ലക്ഷത്തി നാല്പതിനായിരം രൂപയും പിടിച്ചെടുത്തു. ഇടുക്കി നെടുങ്കണ്ടത്തെ ആര്‍ടി ഓഫിസില്‍ ജോയിന്‍റ് ആര്‍ടിഒയുടെ യാത്രയപ്പ് പരിപാടിക്കിടെയായിരുന്നു വിജിലന്‍സ് റെയ്സ്. രാത്രി പത്ത് മണിയോടെ വിജിലന്‍സ് ഉദ്യോഗസ്ഥരെത്തുമ്പോള്‍ പതിനാല് ഉദ്യോഗസ്ഥരും നാല് ഏജന്‍റുമാരുമാണ് ഓഫിസിലുണ്ടായിരുന്നത്. ഇവിടെ നിന്ന് ആറ് ലക്ഷത്തി അറുപത്തിയാറായിരം രൂപയാണ് കണ്ടെത്തിയത്. ഉദ്യോഗസ്ഥർക്ക് പാരിതോഷികം നൽകാൻ എത്തിച്ച പണമാണ് പിടിച്ചെടുത്തതെന്നാണ് വിജിലൻസിന്‍റെ നിഗമനം. ഇതിൽ വിശദമായ അന്വേഷണം നടക്കുകയാണ്. കുറ്റക്കാർക്കെതിരെ കേസെടുക്കുമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം വ്യക്തമാക്കി.