TOPICS COVERED

കഴിഞ്ഞ ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ കനത്ത മഴ പെയ്തതോടെ തുടര്‍ച്ചയായ ദിവസങ്ങളില്‍ കാസര്‍കോട് ജില്ലയില്‍ മഴ അവധിയുണ്ടായിരുന്നു. ഞായര്‍ അവധിക്ക് ശേഷം തിങ്കളാഴ്ച വീണ്ടും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയുണ്ടോ എന്ന് തിരയുന്നവര്‍ക്കടയില്‍ പ്രചരിക്കുന്നത് കലക്ടറുടെ പേരിലുള്ള സന്ദേശമാണ്. ജൂലൈ 21 തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി എന്നാണ് പോസ്റ്റിലെഴുതിയിരിക്കുന്നത്. 

എന്നാല്‍ ഇത് വ്യാജമാണെന്ന് കാസര്‍കോട് ജില്ലാ കലക്ടര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 'നാളെ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ  ജൂലൈ 21 തിങ്കളാഴ്ച പ്രവർത്തി ദിവസം ആയിരിക്കും' എന്നാണ് കാസര്‍കോട് കലക്ടറുടെ ഫെയ്സ്ബുക്ക് പേജിലുള്ളത്. 

കനത്ത മഴയ്ക്ക് പിന്നാലെ വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ കാസര്‍കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ കാസർകോട് വൻ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. ചെറുവത്തൂർ കുളങ്ങാട്ട് മലയുടെ ഒരു ഭാഗം ഇടിഞ്ഞ് വീടിനു മുകളിലേക്ക് മണ്ണ് പതിച്ചു. മേൽപ്പറമ്പ് നടക്കാലിൽ വീടിനു മുകളിലേക്ക് കൂറ്റൻപാറ പതിച്ചും അപകടമുണ്ടായി. പൊസോട്ട് സ്വകാര്യ സ്കൂൾ കെട്ടിടത്തിൽ വെള്ളം കയറി, ഹോസ്റ്റൽ മുറിയിലെ കുട്ടികളെ രാത്രി മാറ്റി പാർപ്പിച്ചു. കുഞ്ചത്തൂരിൽ കിണർ ഇടിഞ്ഞ് താണു. അജാനൂർ കടപ്പുറത്ത് ചിത്താരിപ്പുഴ ഗതി മാറി ഒഴുകിയത് ആശങ്കയായി. തൃക്കണ്ണാട്, കാഞ്ഞങ്ങാട് കാസർകോട് സംസ്ഥാനപാതയുടെ അരിക് ഒലിച്ചുപോയി. കടലാക്രമണത്തിൽ സമീപത്തെ ക്ഷേത്രവും  തകർന്നിരുന്നു.

ENGLISH SUMMARY:

After days of heavy rain, a fake message circulated claiming a school holiday in Kasaragod for July 21 (Monday). However, the Kasaragod District Collector clarified on Facebook that all educational institutions will operate as usual, citing a Yellow Alert from the IMD.