സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ പെയ്തേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ഏഴു ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,കോട്ടയം,ഇടുക്കി,പാലക്കാട്,മലപ്പുറം ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചത്. ഇവിടങ്ങളില്‍ പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്. ഇടിമിന്നൽ ജാഗ്രതാനിർദ്ദേശവും നിലവിലുണ്ട്.
അതേസമയം, ഡിറ്റ് വാ ചുഴലിക്കാറ്റ് ന്യൂനമർദമായി തുടരുകയാണ്. ഇതേത്തുടര്‍ന്ന് തമിഴ്നാടിന്റെ തീരദേശ മേഖലയിലും മലയോര ജില്ലകളിലും ഇടവിട്ട് മഴ ലഭിച്ചേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് നീലഗിരി, ഈറോഡ്, കോയമ്പത്തൂർ ജില്ലകളിൽ ഓറഞ്ച് അലർടും എട്ട് ജില്ലകളിൽ യെലോ അലർടും പ്രഖ്യാപിച്ചു. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട് ജില്ലകളിൽ സ്കൂളുകൾക്ക് അവധിയാണ്. തീരദേശമേഖലകളിൽ കാറ്റിനും സാധ്യതയുണ്ട്. മഴയെ തുടർന്ന് തമിഴ്നാട്ടില്‍ ഇതുവരെ നാല് പേരാണ് മരിച്ചത്.