ഇറാന്‍റെ അടുത്ത പരമോന്നത നേതാവായി ആയത്തുല്ല അലി ഖമനയിയുടെ മകൻ മൊജ്തബ ഹൊസൈനി ഖമനയി തിരഞ്ഞെടുക്കപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാന്റെ വിദഗ്ദ്ധ സമിതിയാണ് ഖമനയിയുടെ പിന്‍ഗാമിയായി മകനെ തിരഞ്ഞെടുത്തെന്നാണ് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫെബ്രുവരി 28 നാണ് യുഎസ്– ഇസ്രയേല്‍ സംയുക്താക്രണത്തില്‍ ആയത്തുള്ള ഖമനയി കൊല്ലപ്പെടുന്നത്. അദ്ദേഹത്തോടൊപ്പം, അദ്ദേഹത്തിന്റെ മകളും മരുമകനും ചെറുമകളും മരിച്ചിരുന്നു.

ആയത്തുല്ല അലി ഖമനയിയുടെ പിന്‍ഗാമിയായി മകന്‍ എത്തുമെന്ന് തന്നെയായിരുന്നു ആദ്യം പുറത്തുവന്ന സൂചനകള്‍. ഖമനയിയുടെ മരണത്തിന് പിന്നാലെ അമേരിക്കയേയും ഇസ്രയേലിനേയും വെറുതേവിടില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഖമനയിയുടെ വിശ്വസ്തനും രണ്ടാമത്തെ മകനുമായ മൊജ്തബയുടെ നേതൃത്വത്തില്‍ താല്‍ക്കാലിക ഭരണസമിതി നിലവില്‍വന്നിരുന്നു. എങ്കിലും കഴിഞ്ഞ വര്‍ഷം ഖമനയി പ്രഖ്യാപിച്ച മൂന്ന് മുതിർന്ന പുരോഹിതന്മാരുടെ പേരുകളില്‍ പിൻഗാമിയായി മൊജ്തബയുടെ പേര് ഉൾപ്പെട്ടിരുന്നില്ല.

ഇറാന്‍– ഇറാഖ് യുദ്ധകാലത്ത് സൈന്യത്തിലുണ്ടായിരുന്ന മൊജ്തബയ്ക്ക് ഇറാാനിലെ സൈനിക വിഭാഗമായ റവല്യൂഷണറി ഗാർഡുമായി അടുത്ത ബന്ധവുമുണ്ട്. 56-കാരൻ ഷിയാ പുരോഹിതൻ മൊജ്തബയുടെ കൈകളിലേക്ക് അധികാരം കൈമാറുന്നത്, ഷാ മുഹമ്മദ് റെസ പഹ്‌ലവിയുടെ രാജവംശത്തിനു ശേഷം പുതിയൊരു മതപരമായ രാജവാഴ്ച സ്ഥാപിക്കാനുള്ള നീക്കമായും വിലയിരുത്തപ്പെടാം

അതേസമയം പശ്ചിമേഷ്യന്‍ സംഘര്‍ഷം നാള്‍ക്കുനാള്‍ ശക്തിപ്പെടുകയാണ്. ദുബായിലെ യുഎസ് കോണ്‍സുലേറ്റിനുനേരെയും ഇറാന്‍റെ ആക്രമണശ്രമമുണ്ടായി. ‍ഡ്രോണ്‍ ആക്രമണശ്രമം തകര്‍ത്തെന്ന് ദുബായ് അറിയിച്ചു. ചെറിയ തീപിടിത്തമുണ്ടായെന്നും അത് നിയന്ത്രണവിധേയമാക്കിയെന്നും ദുബായ് വ്യക്തമാക്കി. ഖത്തറിലെ യുഎസ് സൈനികകേന്ദ്രമായ അല്‍ ഉദെയ്ദിലും മിസൈല്‍ ആക്രമണമുണ്ടായി. ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും ആക്രമണം തടഞ്ഞെന്നും ഖത്തര്‍ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഇറാന്‍ ആക്രമണത്തിന് ശക്തമായ മറുപടി നല്‍കുമെന്നും ഖത്തറിന്റെ മുന്നറിയിപ്പുണ്ട്. ആക്രമണത്തെക്കുറിച്ച് മുന്‍കൂട്ടി അറിയിച്ചെന്ന വാദം കള്ളമെന്നും ഖത്തര്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

അതിനിടെ, കഴിഞ്ഞരാത്രി തെക്കന്‍ ലെബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ടയിര്‍ ജില്ലയില്‍ വ്യോമാക്രമണത്തെത്തുടര്‍ന്ന് പരുക്കേറ്റവരെ മാറ്റുന്നതിനിടെ മൂന്ന് പാരാമെഡിക്കല്‍ ജീവനക്കാര്‍ കൊല്ലപ്പെട്ടെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി. ആറുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ടെഹ്റാന് കിഴക്ക് മിന്‍സാദെഹിയില്‍ രഹസ്യ ന്യൂക്ലിയര്‍ ആസ്ഥാനം എന്നറിയപ്പെട്ടിരുന്ന സ്ഥലം തകര്‍ത്തെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. ഇസ്രയേലിലെ ടെല്‍ അവീവ് അടക്കം നഗരങ്ങളില്‍ ഇറാനും വ്യോമാക്രമണം തുടരുകയാണ്.

സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, മേഖലയിലെ ഇന്ത്യൻ പ്രവാസികളുടെ സുരക്ഷയും വ്യാപാരവും ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര ഇടപെടൽ തുടരുന്നു. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ എട്ട് പ്രമുഖ രാഷ്ട്രത്തലവന്മാരുമായി പ്രധാനമന്ത്രി ടെലിഫോണിൽ സംസാരിച്ചു. യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈറ്റ്, ബഹ്‌റൈൻ, ജോർദാൻ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായും ഇസ്രായേൽ പ്രധാനമന്ത്രിയുമായും  ആശയവിനിമയം നടത്തി.

എന്നാൽ യുഎസ് ,ഇറാൻ,ഈജിപ്ത്, യുകെ, ഫ്രാൻസ്, റഷ്യ എന്നീ രാജ്യങ്ങളുടെ തലവന്മാരുമായി സംസാരിക്കുമോ എന്നതാണ് നിർണായകം. റഷ്യ- യുക്രെയ്ൻ യുദ്ധത്തിലെന്നപോലെ ഒരു സമാധാന ചർച്ചാ വേദി ഒരുക്കാൻ പ്രധാനമന്ത്രി ശ്രമിച്ചേക്കാം. അതേസമയം ഇപ്പോഴും പ്രധാനമന്ത്രിയോ സർക്കാരോ ഇറാനിലെ ആക്രമണത്തെ അപലപിച്ചിട്ടില്ല. അതിനിടെ,  കയറ്റുമതി– ഇറക്കുമതി പ്രതിസന്ധി വിലയിരുത്താന്‍ സര്‍ക്കാര്‍ ഉന്നത മന്ത്രിതല സമിതി രൂപീകരിച്ചു.

ENGLISH SUMMARY:

Mojtaba Khamenei, the son of late Ayatollah Ali Khamenei, has been reportedly elected as Iran’s new Supreme Leader by the Assembly of Experts on March 3, 2026. This appointment follows the death of Ali Khamenei in a joint US-Israeli air strike on February 28, which also claimed the lives of his family members. Reports suggest the election occurred under significant pressure from the Islamic Revolutionary Guard Corps (IRGC). Mojtaba, a 56-year-old mid-ranking cleric, has long been a behind-the-scenes power broker. His selection marks a historic father-to-son succession in the Islamic Republic, a move previously criticized by the regime. As of March 4, 2026, the Middle East faces heightened tensions as the new leadership takes control during an active military conflict. Stay tuned for official confirmation from Tehran.