സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ടും നാലുജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും അഞ്ചു ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വടക്കന്‍ജില്ലകളിലും മധ്യകേരളത്തിലുമാണ് അതിശക്തമായ മഴ തുടരുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അതി തീവ്രമഴക്കുള്ള റെഡ് അലര്‍ട്ടാണ് നല്‍കിയിട്ടുള്ളത്. ഇടുക്കി എറണാകുളം തൃശൂര്‍ പാലക്കാട് ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും നിലവിലുണ്ട്. വടക്കന്‍ജില്ലകളില്‍ അതി തീവ്രമഴക്ക് സാധ്യതയുള്വതിനാല്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മധ്യകേരളത്തില്‍ അതി ശക്തമായ മഴയും ലഭിക്കും. 23–ാം തീയതി വരെ കേരളത്തില്‍ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മലബാര്‍ ജില്ലകളില്‍ മഴക്ക് നേരിയ ശമനമുണ്ട്. കണ്ണൂരില്‍ പുലര്‍ച്ചെയുണ്ടായ മഴയില്‍ ചാവശേരിയില്‍ ഐപ്പേരിയിലെ വി.കെ ജാനകിയുടെ വീട് തകര്‍ന്നു. വീട്ടില്‍ ആളില്ലാത്തതിനാല്‍ ആളപായം ഉണ്ടായില്ല. പാലക്കാട് ശ്രീക്യഷ്ണപുരത്തെ സുകുമാരന്‍റെ കിണര്‍ കനത്ത മഴയില്‍ ഇടിഞ്ഞു താഴ്ന്നു. നെല്ലിയാമ്പതി, അട്ടപ്പാടി തുടങ്ങിയ മലയോര മേഖലയിലും ശക്തമായ മഴയുണ്ട്. വയനാട്ടില്‍ പനമരം, കോട്ടത്തറ തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടാണ്. നീരൊഴുക്ക് കൂടിയതോടെ ബാണാസുര ഡാമിന്‍റെ സ്പില്‍വേ ഷട്ടര്‍ തുറന്ന് വെള്ളം ഒഴുക്കിവിടുന്നുണ്ട്.
കോഴിക്കോട് ജില്ലയിലെ വടക്കൻ മേഖലയിൽ ശക്തമായ മഴ മുന്നറിയിപ്പുളളതിനാല്‍ വടകര താലൂക്കിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. മഴ കണക്കിലെടുത്ത് വയനാട്ടിലും കാസര്‍കോട്ടും കണ്ണൂരും ഇന്ന് സ്കൂളുകൾക്ക് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.