തന്‍റെ ജീവനെടുത്ത സ്കൂളിലേക്ക് തന്നെ തിരിച്ചെത്തുകയാണ് അവന്‍, മിഥുന്‍, ഇത്തവണ ബാഗില്ല, പുസ്തകമില്ല,ചോറ്റുപാത്രമില്ല, തണുത്തുമരവിച്ച്,ജീവനറ്റ്, എന്നും കാണുന്ന ട്യൂഷന്‍ സെന്‍ററും, മിഠായിക്കടകളും കടന്ന് അവന്‍ മുന്നോട്ടുപോയി. ആയിരങ്ങള്‍ ഒരുനോക്കുകാണാന്‍ അവന് ചുറ്റുംകൂടി.
.അവന്‍റെ നാട്ടുകാരും വീട്ടുകാരും മാത്രമല്ല എവിടുന്നെല്ലാമോ അവനെ തേടി ആളുകളെത്തി അവര്‍ക്കൊന്നും ഒരക്ഷരം മിണ്ടാനായില്ല. ഉതിര്‍ന്നുവീണ കണ്ണീരില്‍ ചാലിച്ച് അന്ത്യാഞ്ജലി. കൂട്ടുകാരും പിന്നാലെ കൂടി . കൊച്ചുകുട്ടികളാണ് . അവരെല്ലാം അവന്‍ മിണ്ടാത്തതിന്‍റെ സങ്കടത്തിലാണ്. ഇനി അവന്‍ തിരിച്ച് സ്കൂളിലേക്കില്ലെന്ന വേദന അവരുടെ മുഖത്ത് തളം കെട്ടി നിന്നു.
ഈ കുരുന്നുപ്രായത്തില്‍ അവന്‍റെ ജീവനെടുത്ത പ്രതികള്‍ ആരെല്ലാമാണ്? വൈദ്യുതകമ്പിയില്‍ തട്ടി മരവിച്ച് അവന്‍ ആ ആസ്ബസ്റ്റോസ് ഷീറ്റിനു മുകളിലേക്ക് വീണപ്പോള്‍ വ്യക്തമാകുന്നത് ഒരായിരം അനാസ്ഥകളാണ് . പൊതുദര്‍ശന സമയത്തും അലക്കിത്തേച്ച് വടിവൊത്ത വേഷത്തില്‍ ചിരിയും കളിയുമായി സ്കൂള്‍ മാനേജര്‍. സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കൂടിയാണ് തുളസീധരന്‍ പിള്ള. കെഎസ്ഇബി റിപ്പോര്‍ട്ടിലെ ആദ്യപ്രതി. കെഎസ്ഇബി റിപ്പോര്‍ട്ടിലെ പ്രതികളുടെ കോളത്തില്‍ സ്കൂളും മാനേജുമെന്‍റുമാണ് .
വൈദ്യുതി ലൈന്‍ സുരക്ഷിതമേഖലയിലൂടെയാണോ കടന്നുപോകുന്നതെന്ന് പരിശോധിക്കേണ്ട ബോര്‍ഡാകട്ടെ അടിസ്ഥാന പരമായ വീഴ്ചപോലും ഇനിയും അംഗീകരിച്ചിട്ടില്ല. നടപടികള്‍ വൈകിച്ച് പ്രതിഷേധത്തെ തണുപ്പിക്കാനുള്ള തന്ത്രമാണ് ഇവിടെയും നടക്കുന്നത്. ചിലരെ രക്ഷിച്ചെടുക്കാനുള്ള ചരടുവലികള്‍ അണിയറയിലും നടക്കുന്നുണ്ട് .
എല്ലാ ഉത്തരവാദിത്വവും തലയില്‍ വച്ച് സ്കൂള്‍ പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്ത് തടിയൂരാനാണോ വിദ്യാഭ്യാസ വകുപ്പിന്‍റെ ശ്രമമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ശക്തമായ നടപടിയെന്നാണ് മന്ത്രി വി ശിവന്‍കുട്ടി ആവര്‍ത്തിക്കുന്നത് . പക്ഷേ സ്കുള്‍ മാനേജ്മെന്‍റിന്‍റെ ഭാഗത്തു നിന്നുള്ള കടുത്ത അനാസ്ഥ സൗകര്യപൂര്‍വം വിസ്മരിക്കപ്പെടുകയാണോ എന്നാണ് സംശയം.
തുടക്കംമുതല്‍ സ്ഥലത്തുണ്ട് . എന്തിനും സജ്ജര്‍. ക്രമസമാധാനത്തിപ്പുറമൊരു റോള്‍ ഈ വിഷയത്തില്‍ ഇനിയും പൊലീസ് എടുത്തിട്ടില്ല. നടപടി എങ്ങിനെ വേണമെന്ന് സര്‍ക്കാര്‍ പറയാന്‍ കാത്തു നില്‍ക്കുകയാണ് . കുഞ്ഞ് മരിച്ച് 48മണിക്കൂര്‍ പിന്നിട്ടു. മിഥുന് ഷോക്കേറ്റ വൈദ്യുതി ലൈന്‍ വലിച്ചിട്ടുള്ള പോസ്റ്റുകള്‍ക്കിടയിലെ ദൂരമളന്നതൊഴിച്ചാല്‍ നടപടി ഒന്നുമുണ്ടായില്ല. ആ വൈദ്യുതികമ്പി ഇപ്പോഴും അങ്ങനെ തന്നെ നില്‍ക്കുന്നു. ആര്‍ക്കെതിരെയെങ്കിലും കേസെടുത്തോ എന്നു ചോദിക്കുമ്പോള്‍ സമയമില്ലെന്നാണ് മറുപടി. പ്രതിഷേധങ്ങള്‍ തണുപ്പിക്കുന്നതിനിടെ കേസ് മുന്നോട്ടുകൊണ്ടുപോകാനായില്ലത്രേ.
കുഞ്ഞ് മരിച്ച വാര്‍ത്ത കേട്ട് കേരളമൊന്നടങ്കം തേങ്ങുമ്പോള്‍ മന്ത്രി ചിഞ്ചുറാണിയുടെ സൂംബ നൃത്തമായിരുന്നു മറ്റൊരു വിശേഷം , ആ കുട്ടി വലിഞ്ഞുകേറിയതല്ലേയെന്ന് ഒരു മന്ത്രി തന്നെ ചോദിക്കുമ്പോള്‍ ഇന്നാട്ടിലെ ഓരോ അമ്മമനസും നൊമ്പരപ്പെട്ടുവെന്ന കാര്യത്തില്‍ സംശയമില്ല. ഇത്തരമൊരു ദാരുണസംഭവം ഉണ്ടാകുമ്പോള്‍ നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് സാധാരണമാണ്, അത് വളരെ രഹസ്യമായിട്ടാണ് കൊടുക്കുക, പക്ഷേ കുഞ്ഞ്മരിച്ച വേദനയില്‍ നീറുന്ന ആ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കിയതിലെ കവറേജ് സാധ്യത എംഎല്‍എ ഉള്‍പ്പടെയുള്ളര്‍ പ്രയോജനപ്പെടുത്തിയതും കേരളം കണ്ടു.
എന്തും പൊറുക്കാം. പക്ഷേ നമ്മുടെ കുരുന്നുകളെത്തുന്ന സ്കുളുകളില്‍ സുരക്ഷാ വീഴ്ചകള്‍ വച്ചുപൊറുപ്പിക്കാനാവില്ലെന്നാണ് തേങ്ങുന്ന രക്ഷിതാക്കളുടെ പക്ഷം. ഈ ഘട്ടത്തില്‍ അവര്‍ക്കും പറയാന്‍ ഇതുമാത്രം .പൊന്നുമോനേ മാപ്പ്.