ഷാര്‍ജയിലെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യ ശേഖരന്‍ ഭര്‍ത്താവില്‍ നിന്നും ദീര്‍ഘനാളായി പീഡനം നേരിട്ടതായി സൂചന. മദ്യപാനിച്ച ശേഷം സതീശ് അതുല്യയെ കാര്യമായി മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പറയുന്നു. ഭര്‍ത്താവ് സതീശിന് എല്ലാകാര്യങ്ങളിലും അതുല്യയെ സംശയമായിരുന്നുവെന്നും അതുല്യയുടെ ബന്ധു രാഹുല്‍ മനോരമ ന്യൂസിനോട് പറഞ്ഞു. അതുല്യയുടെ സഹോദരിയുടെ കല്യാണത്തിന് പോലും ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. സഹോദരിയുടെ കാര്യമായതിനാലാണ് അന്ന് പുറത്തറിയിക്കാതിരുന്നതെന്നും രാഹുല്‍ പറഞ്ഞു.
ശനിയാഴ്ച പുതിയ ജോലിയില്‍ പ്രവേശിക്കാനിരിക്കെ പിറന്നാള്‍ ദിനത്തിലാണ് അതുല്യ ജീവനൊടുക്കുന്നത്. പ്ലസ് ടു പഠന കാലത്ത് ഗ്രൂപ്പിലുള്ള പല സുഹൃത്തുക്കളോടും ഭര്‍ത്താവിന്‍റെ ക്രൂരതയെ പറ്റി അതുല്യ പറഞ്ഞിരുന്നു. അതുല്യയെ ഭര്‍ത്താവ് ഉപദ്രവിക്കുമായിരുന്നുവെന്ന് സുഹൃത്ത് സബീന മനോരമ ന്യൂസിനോട്. ഭര്‍ത്താവ് പലതവണ ഉപദ്രവിച്ചതായി പറഞ്ഞിരുന്നു. ആത്മഹത്യ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ലെന്നും സബീന പറഞ്ഞു.
'എല്ലാവരോടും പോസിറ്റിവ് ആയി സംസാരിക്കുന്ന ആളാണ് അതുല്യ. പുള്ളിക്കാരി ആത്മഹത്യ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. നല്ലൊരു കാരക്ടർ ആയിരുന്നു. എന്തും തുറന്നു പറയും, നല്ലൊരു ഒരു സ്വഭാവമായിരുന്നു. എപ്പോഴും നമുക്ക് മെസ്സേജ് അയക്കുകയും ചെയ്യും. ഭര്‍ത്താവുമായി എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. സ്കൂൾ ഗ്രൂപ്പില്‍ അതുല്യ സജീവമായിരുന്നു. അതിൽ ഇന്നലെയും മെസ്സേജ് അയച്ചിട്ടുണ്ട്. ' സബീന പറഞ്ഞു.
ഭര്‍ത്താവ് സതീശ് അതുല്യയെ ഉപദ്രവിക്കുന്നുണ്ടായിരുന്നു എന്ന് സുഹൃത്തായ മുജീബും പറഞ്ഞു. ദുബായിലുള്ള സമയത്ത് മര്‍ദ്ദിച്ചപ്പോള്‍ പോലീസുകാരെ വിളിക്കുകയും സതീശ് അതുല്യയോട് മാപ്പ് പറയുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മുജീബ് പറഞ്ഞു. ഈയിടെയാണ് ഇവര്‍ ഷാർജയിലേക്ക് മാറിയതെന്നും മുജീബ് പറഞ്ഞു.
ശനിയാഴ്ച പുലർച്ചെയായിരുന്നു ഷാർജ റോള പാർക്കിന് സമീപത്തെ ഫ്ലാറ്റിൽ അതുല്യ ശേഖരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച സഫാരി മാളിലെ ഒരു സ്ഥാപനത്തിൽ പുതിയതായി ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് അതുല്യ ജീവനൊടുക്കിയത്. ദുബായിൽ ആരോമൽ കൺസ്ട്രക്ഷൻ കമ്പനിയിലെ ജീവനക്കാരനാണ് സതീഷ് ശങ്കര്‍. ദമ്പതികളുടെ മകള്‍ നാട്ടിലാണ്.