പല കേസന്വേഷണങ്ങളും അനന്തമായി വൈകുന്നത് നമ്മള്‍ കാണാറുണ്ട്. എന്നാല്‍ അടുത്തിടെ മുംബൈയില്‍ നടന്ന ഒരു സംഭവം ഇതിന്‍റെ അപകടം ചൂണ്ടിക്കാണിക്കുന്നതാണ്. അരനൂറ്റാണ്ടോളം പഴക്കമുള്ള ഒരു വധശ്രമക്കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും, പരാതിക്കാരിയായ സ്ത്രീക്ക് അങ്ങനെയൊരു സംഭവം പോലും ഓർമ്മയില്ലാത്തതിനാൽ കോടതിക്ക് പ്രതിയെ വെറുതെവിടേണ്ടിവന്നു.
1977 ഒക്ടോബർ 20-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുംബൈയിലെ നരിമാൻ പോയിന്‍റ് സ്വദേശിയായ കലേക്കർ എന്നയാൾ പരാതിക്കാരിയായ സ്ത്രീയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരുടെ പരാതിയിൽ കൊളാബ പോലീസ് കേസെടുത്ത് പ്രതിയെ അന്നേദിവസം തന്നെ അറസ്റ്റ് ചെയ്തു.എന്നാൽ, ജാമ്യം ലഭിച്ചതോടെ പ്രതി ഒളിവിൽ പോവുകയും പിന്നീട് ഇയാളെ പിടികൂടാൻ കഴിയാതെ വരികയും ചെയ്തു. ഏകദേശം 48 വർഷത്തോളമാണ് ഇയാൾ ഒളിവിൽ കഴിഞ്ഞത്.
ഏറെക്കാലമായി തീർപ്പാകാത്ത വാറന്‍റ് കേസുകൾ പരിശോധിച്ചു തീർക്കുന്നതിനിടെ, ഇക്കഴിഞ്ഞ ഒക്ടോബർ 14-നാണ് 73-കാരനായ പ്രതി വീണ്ടും അറസ്റ്റിലാകുന്നത്.തുടർന്ന് കേസ് കോടതിയിൽ വാദത്തിനെടുത്തപ്പോൾ, തനിക്ക് അങ്ങനെയൊരു സംഭവത്തെക്കുറിച്ച് ഒന്നും ഓർമ്മയില്ലെന്നും പ്രതിയെ അറിയില്ലെന്നും പരാതിക്കാരിയായ സ്ത്രീ കോടതിയെ അറിയിക്കുകയായിരുന്നു.
പരാതിക്കാരിയുടെ ഈ നിലപാട് പ്രോസിക്യൂഷന്റെ കേസിനെ ദുർബലപ്പെടുത്തി. ഇതോടെ തെളിയിക്കാൻ മറ്റ് വഴികളില്ലാതെ വന്ന കോടതി, 73-കാരനായ പ്രതിയെ കുറ്റവിമുക്തനാക്കി വിട്ടയയ്ക്കാൻ ഉത്തരവിടുകയായിരുന്നു.