പാലക്കാട് ആനക്കര കുമ്പിടിയില്‍ സ്വകാര്യ ക്ലിനിക്കില്‍ ജോലിചെയ്യുന്ന രണ്ട് യുവതികളെ ചുറ്റിക കൊണ്ട് ആക്രമിച്ച് അജ്ഞാതന്‍. ജോലിക്ക് പോകുംവഴിയാണ്, മുഖം മറച്ചെത്തിയ ആള്‍ ചുറ്റിക കൊണ്ട് ഇവരുടെ തലയ്ക്കടിച്ചത്. സമീപത്തെ സിസിടിവി ബക്കറ്റുകൊണ്ട് മറച്ച ശേഷമായിരുന്നു ആസൂത്രിതമായ ആക്രമണം.

ജോലിക്ക് പോകാനായി വാടക വീട്ടില്‍ നിന്ന് ഇറങ്ങിയെ യുവതികളെ ആണ് മുഖം മറച്ച് എത്തിയ ആള്‍ ആക്രമിച്ചത്. ചുറ്റിക കൊണ്ട് ഇവരുടെ തലയ്ക്ക് പിന്നില്‍ അടിക്കുകയായിരുന്നു. ഇവര്‍ക്ക് നേരെ ചെളിയും വാരിയെറിഞ്ഞു. രക്ഷപ്പെട്ട് ഓടുന്നതിനിടെ നിലത്ത് വീണിട്ടും ഒരു യുവതിയെ തലയ്ക്ക് വീണ്ടും ചുറ്റികകൊണ്ട് അടിച്ചു. യുവതികള്‍ ബഹളം വച്ചതോടെ അക്രമി ഓടി രക്ഷപ്പെട്ടു. യുവതികള്‍ താമസിക്കുന്ന വാടക വീടിന് സമീപത്തെ സിസിടിവി ക്യാമറകള്‍ ബക്കറ്റ് കൊണ്ട് മറച്ച ശേഷമായിരുന്നു ആസൂത്രിതമായ ആക്രമണം. 

ചുവന്ന തൊപ്പിയും ടീഷര്‍ട്ടും ധരിച്ച് മുഖം മറച്ച നിലയിലായിരുന്നു അക്രമി. തൊട്ടടുത്ത പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അക്രമിക്കായി പൊലീസ് തിരച്ചില്‍ തുടങ്ങി. യുവതികളും അക്രമിയും തമ്മില്‍ നേരത്തെ പരിചയമുണ്ടെന്നാണ് സൂചന. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല. കുമ്പിടിയിലെ സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരാണ് യുവതികള്‍. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് തൃത്താല പൊലീസ് കേസെടുത്തിരിക്കുന്നത്.

ENGLISH SUMMARY:

Palakkad clinic attack victims were assaulted by an unidentified assailant with a hammer while on their way to work. The planned attack involved obscuring CCTV cameras before the assailant struck the women on their heads.