തേവലക്കര സ്കൂളിലെ മിഥുന്റെ മരണവുമായി ബന്ധപ്പെട്ട് കുറ്റം ചെയ്തവരെ സംരക്ഷിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി മനോരമ ന്യൂസിനോട്. ഈ കുട്ടിയോടും കുടുംബത്തോടും ഒപ്പമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടെന്നാണ് പ്രാഥമികമായി മനസ്സിലാക്കുന്നതെന്നും, അത് എങ്ങനെയാണ് ലഭിച്ചതെന്ന് അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു. സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി ഉറപ്പുനൽകി.
മിഥുൻ കെട്ടിടത്തിന് മുകളിൽ കയറിയതിൽ തെറ്റ് പറയാനാവില്ലെന്നും, കുട്ടികൾ അങ്ങനെയൊക്കെ ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സ്കൂൾ അധികൃതർക്ക് കൂടുതൽ ശ്രദ്ധയുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി തനിക്ക് ഫോൺ വിളിച്ച് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. റിപ്പോർട്ട് ലഭിച്ചുകഴിഞ്ഞാൽ വിദ്യാഭ്യാസ വകുപ്പ് ചെയ്യേണ്ട അടിയന്തര നടപടികൾ സ്വീകരിക്കും. അതിൽ നിന്ന് ആർക്കും രക്ഷപ്പെട്ടുപോകാൻ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.