കനത്ത മഴയുടെ പശ്ചാത്തലത്തില്‍ മൂന്ന് ജില്ലകളിലും ഒരു താലൂക്കിലും നാളെ (ജൂലൈ 19) അവധി. റെ‍ഡ് അലര്‍ട്ട് പ്രഖ്യാപിച്ച വയനാട്ടിലും കാസര്‍കോട്ടും കണ്ണൂരുമാണ് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. കാസര്‍കോട്ടും വയനാട്ടിലും പ്രഫഷനല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെ അവധി ബാധകമാണ്. കോഴിക്കോട് ജില്ലയില്‍ വടകര താലൂക്കിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വയനാട് ജില്ലയില്‍  പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, ട്യൂഷൻ സെന്‍ററുകൾ,  മതപഠന ക്ലാസുകൾ, സ്പെഷൽ ക്ലാസുകൾ എന്നിവയ്ക്കെല്ലാം അവധി ബാധകമായിരിക്കും. അതേസമയം, പി.എസ്.സി പരീക്ഷകൾ, റസിഡൻഷൽ സ്കൂളുകൾ– കോളജുകൾ എന്നിവയ്ക്ക് അവധി ബാധകമല്ല.

കാസര്‍ഗോ‍ഡ് ജില്ലയില്‍ കനത്ത മഴ തുടരുകയാണെന്നും പ്രധാന നദികൾ കരകവിഞ്ഞൊഴുകിയതായും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതായും കലക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇതിന്‍റെ സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ സ്കൂളുകൾ, കോളജുകൾ, പ്രൊഫഷണൽ കോളജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷൽ ക്ലാസുകൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. അതേസമയം നേരത്തെ പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും നിശ്ചയിച്ച പ്രകാരം തന്നെ നടക്കുന്നതാണെന്നും പരീക്ഷാ സമയങ്ങളിൽ മാറ്റമില്ലെന്നും കലക്ടര്‍ അറിയിച്ചു.

കണ്ണൂര്‍ ജില്ലയിലും റെഡ് അലര്‍ട്ടാണ്. ഈ സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ 19 ശനിയാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ട്യൂഷൻ സെന്‍ററുകള്‍, മതപഠന സ്ഥാപനങ്ങൾ, സ്പെഷൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കും.

കോഴിക്കോട് ജില്ലയില്‍ വടക്കൻ മേഖലയിൽ ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ നാളെ വടകര താലൂക്കിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്‍ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും.

അതേസമയം, സംസ്ഥാനത്ത് ഇന്നും അതിശക്തമഴയ്ക്ക് സാധ്യതയുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള റെഡ് അലര്‍ട്ടാണ്. അ‍ഞ്ച് ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും മൂന്ന് ജില്ലകളില്‍ യെലോ അലര്‍ട്ടും നിലനില്‍ക്കുന്നു. നാളെ മലപ്പുറത്തു കൂടി റെഡ് അലര്‍ട്ടുണ്ട്. ചൊവ്വാഴ്ചവരെ ശക്തമായ മഴ തുടരും.  ഉത്തരേന്ത്യയ്ക്ക് മുകളിലുള്ള രണ്ട് ചക്രവാതചുഴികളുടെ സാന്നിധ്യമാണ് മഴ ശക്തമാകാന്‍ കാരണം.

ENGLISH SUMMARY:

Due to heavy rainfall, a holiday has been declared for tomorrow (July 19) in three districts and one taluk. District Collectors of Wayanad, Kasaragod, and Kannur—where red alerts have been issued—have announced the holiday. In both Kasaragod and Wayanad, the holiday applies to all educational institutions, including professional colleges. In Kozhikode district, a holiday has also been declared for all educational institutions in the Vadakara taluk.