സംസ്ഥാനത്തെ പ്രധാന വസ്ത്രവ്യാപാര സ്ഥാപനങ്ങളുടെ പേരില്‍ സൈബര്‍ തട്ടിപ്പ് വ്യാപകം. സിനിമ, ടിവി താരങ്ങള്‍ വിവിധ ബ്രാന്‍ഡുകള്‍ക്കായി നടത്തിയ പ്രൊമോഷന്‍ വീഡിയോകളടക്കം ഉപയോഗിച്ചാണ് ഉത്തരേന്ത്യന്‍ സൈബര്‍ മാഫിയ സംഘത്തിന്‍റെ തട്ടിപ്പ്. നടി ആര്യയുടെ ഉടമസ്ഥതയിലുള്ള കാഞ്ചീവരം ബൊട്ടീക്കിന്‍റെ പേരില്‍ ഒരു ഡസനിലേറെ വ്യാജ ഇന്‍സ്റ്റ അക്കൗണ്ടുകള്‍ തുറന്ന് തട്ടിയത് ലക്ഷങ്ങള്‍. തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടത് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പെന്ന് ആര്യ മനോരമ ന്യൂസിനോട്.
തന്‍റെ സ്വന്തം ബ്രാന്‍ഡായ കാഞ്ചീവരം ബൊട്ടീക്കിന് വേണ്ടി ആര്യ ചെയ്ത വീഡിയോയുടെ വാലും തലയും മുറിച്ചുമാറ്റിയാണ് തട്ടിപ്പ് സംഘങ്ങള്‍ ഉപയോഗിച്ചത്. കാഞ്ചീവരമെന്ന പേര് തന്നെ പകര്‍ത്തിയ തട്ടിപ്പുകാര്‍ ആര്യയുടെ പേരിലും അക്കൗണ്ട് തുറന്ന് സാരികള്‍ വില്‍പനയ്ക്ക് വെച്ചു. കാല്‍ലക്ഷംവരെ വിലവരുന്ന സാരിക്ക് വ്യാജന്‍മാരുടെ വില പരമാവധി രണ്ടായിരം മാത്രം. വമ്പന്‍ ഓഫറെന്ന് കരുതി ബുക്ക് ചെയ്ത് പണം അയ്ചവര്‍ക്കെല്ലാം കിട്ടി എട്ടിന്‍റെ പണി.
കാഞ്ചീവരം മാത്രമല്ല നൂറുകണക്കിന് സ്ഥാപനങ്ങളുടെ പേരിലാണ് രാജ്യവ്യാപകമായി തട്ടിപ്പ് നടക്കുന്നത്. ഓഫറുകള്‍ക്കും ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും പോകും മുന്‍പ് പണം അയക്കുന്ന അക്കൗണ്ടുകള്‍ ആവര്‍ത്തിച്ച് പരിശോധിക്കുക. ഒരു പരിധിവരെ രക്ഷപ്പെടാം.