ലഹരിക്കേസില്‍ അറസ്റ്റിലായതോടെ ടിടിഇ അഖില്‍ ജോസഫിനെ ജോലിയില്‍ നിന്ന് പുറത്താക്കി ദക്ഷിണ റെയില്‍വെ. ആര്‍പിഎഫ് കോണ്‍സ്റ്റബിളായ പിതാവ് പിടികിട്ടാപ്പുള്ളിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ലഭിച്ച ജോലിയാണ് അഖില്‍ നഷ്ടപ്പെടുത്തിയത്. ജോലിക്കിടെ ട്രെയിനില്‍വെച്ച് പരിചയപ്പെട്ട തമിഴ്നാട് സ്വദേശിയാണ് ലഹരിമരുന്ന് നല്‍കിയതെന്നാണ് അഖിലിന്‍റെ മൊഴി.
വ്യാഴാഴ്ചയാണ് ലഹരിമരുന്നുമായി ബൈക്കിലെത്തിയ ടിടിഇ അഖില്‍ ജോസഫിനെ ഡാന്‍സാഫ് പിടികൂടിയത്. മൂന്ന് ഗ്രാമിനടുത്ത് എംഡിഎംഎയും ഹാഷിഷ് ഓയിലും അഖിലിന്‍റെ പക്കല്‍ നിന്ന് കണ്ടെത്തി. അഖില്‍ അറസ്റ്റിലായതിന് പിന്നാലെയെത്തി റെയില്‍വെയുടെ ശിക്ഷ നടപടി. അഖിലിന്‍റെ പിതാവ് ഇ.ജെ. ശൗരിയുടെ മരണത്തെ തുടര്‍ന്നാണ് അഖിലിന് റെയില്‍വെയില്‍ ജോലി ലഭിച്ചത്. ആര്‍പിഎഫ് കോണ്‍സ്റ്റബിളായ ശൗരി പിടികിട്ടാപ്പുള്ളിയും കൊടും ക്രിമിനലുമായ മലയാറ്റൂര്‍ സന്തോഷിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. 2003 ഡിസംബര്‍ അഞ്ചിന് കൊച്ചി നഗരമധ്യത്തില്‍ കളത്തിപ്പറമ്പ് റോഡിലെ ഇരുനില വീടിന്‍റെ ടെറസില്‍വെച്ചാണ് സന്തേോഷ് ശൗരിയെ ആക്രമിച്ചത്. റെയില്‍വെ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ചയും ലഹരിവില്‍പനയും നടത്തിയിരുന്നയാളാണ് സന്തോഷ്. കുത്തേറ്റ് വീണ ശൗരി ആശുപത്രിയില്‍വെച്ച് മരിച്ചു. അവിടെ നിന്ന് രക്ഷപ്പെട്ട സന്തോഷിനെ രണ്ടാ്ഴ്ചയിലേറെ നീണ്ട അന്വേഷണത്തിനൊടുവില്‍ കുഞ്ചിത്തണ്ണിയില്‍ സഹോദരിയുടെ വീട്ടില്‍ നിന്നാണ് പിടികൂടിയത്. കേസില്‍ സന്തോഷിനെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു. റയിൽവേ പൊലീസ് കോൺസ്‌റ്റബിൾ ഇ.ജെ. ശൗരിക്ക് റയിൽവേ പൊലീസ് മരണാനന്തര ബഹുമതിയായി അഞ്ചു ലക്ഷം രൂപ കൈമാറി ഒപ്പം മകന് ജോലിയും. ശൗരി കൊല്ലപ്പെടുമ്പോള്‍ പതിമൂന്ന് വയസായിരുന്നു അഖിലിന് പ്രായം. പഠനം പൂര്‍ത്തിയാക്കിയ അഖിലിന് ടിടിഇയായി ജോലിയും നല്‍കി. ആ ജോലിയാണ് ലഹരിക്കേസില്‍ കുടുങ്ങിയതോടെ നഷ്ടപ്പെട്ടത്. സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്ന അഖില്‍ തമിഴ്നാട്ടില്‍ നിന്നാണ് ലഹരിമരുന്ന് വാങ്ങിയിരുന്നത്. സഹപ്രവര്‍ത്തകര്‍ പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും ലഹരിയുപയോഗം അവസാനിപ്പിക്കാന്‍ അഖില്‍ തയാറായില്ല.