കൊല്ലം തേവലക്കര ബോയ്സ് ഹൈസ്ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ ചില അനാസ്ഥകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി. വിശദമായ റിപ്പോർട്ട് നാളെ ലഭ്യമാകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
കേരളത്തിന്റെ മകനാണ് മിഥുൻ. മിഥുന്റെ കുടുംബത്തിന് പിന്തുണ നൽകും. മിഥുന്റെ കുടുംബത്തിന് വീട് നിർമിച്ചു നൽകും. സ്കൗട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിലാണ് വീട് നിർമിച്ചു നൽകുക. പൊതുവിദ്യാഭ്യാസ മന്ത്രിയാണ് സ്കൗട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന പ്രസിഡന്‍റ്.
പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തി മിഥുന് ആദരാഞ്ജലികൾ അർപ്പിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലും ഒപ്പം ഉണ്ടായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴയിൽ നാളെ (ജൂലൈ 18) നിശ്ചയിച്ചിരുന്ന പരിപാടികളിൽ പങ്കെടുക്കില്ലെന്നും അദ്ദേഹം കുറിച്ചു.
സ്കൂള്‍ കെട്ടിടത്തോടുചേര്‍ന്ന് അനധികൃതമായി നിര്‍മിച്ച ഷെഡിന് മുകളിലെ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റാണ് പതിമൂന്നുകാരന്‍ മരിച്ചത്. കളിക്കുന്നതിനിടെ ഷെഡിനുമുകളില്‍വീണ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴാണ് മിഥുന് ഷോക്കേറ്റത്. വലിയപാടം സ്വദേശി മനുവിന്റെ മകനാണ്. അസ്വഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്. അപകടത്തില്‍ മാനേജ്മെന്‍റിനും കെ.എസ്.ഇ.ബി.ക്കും വീഴ്ച സംഭവിച്ചെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടി സമ്മതിച്ചിരുന്നു.'വൈദ്യുതി ലൈനും ഷെഡും തമ്മില്‍ മതിയായ അകലമില്ല. വൈദ്യുതി ലൈനിന് മതിയായ ഉയരമുണ്ടായിരുന്നില്ല. ഷെഡ് കെട്ടുമ്പോള്‍ മാനേജ്മെന്‍റ് വേണ്ട അനുമതി വാങ്ങിയിരുന്നില്ലെന്നും കെ. കൃഷ്ണന്‍ കുട്ടി വിശദീകരിച്ചു. പ്രാഥമിക റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. മിഥുന്റെ കുടുംബത്തിന് ആദ്യ ഘട്ടത്തില്‍ 5 ലക്ഷം സഹായം നല്‍കും. കെ.എസ്.ഇ.ബിയാണ് സഹായം നല്‍കുക. പിന്നീട് കൂടുതല്‍ തുക അനുവദിക്കുമെന്നും കെ. കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.