പ്രതീകാത്മക ചിത്രം.
കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി. സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണെന്ന് കലക്ടര്‍ അറിയിച്ചു. നേരത്തെ പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും മാറ്റമില്ലാതെ നടക്കും. ജില്ലയിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തിട്ടുണ്ട്. നാളെയും കാസര്‍കോട് റെഡ് അലർട്ടാണ്. ഈ സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്.
ഇന്ന് കനത്ത മഴയില്‍ കാസർകോട് വൻ നാശനഷ്ടമാണുണ്ടായത്. ഇന്നലെ വൈകിട്ട് മുതൽ ഇന്ന് പുലർച്ചെ വരെ ജില്ലയിൽ ഇടവിടാതെ ശക്തമായ മഴയാണ് ലഭിച്ചത്. മുന്‍പ് വിള്ളൽ കണ്ടെത്തിയ ചെറുവത്തൂർ കുളങ്ങാട്ട് മലയുടെ ഒരു ഭാഗം ഇടിഞ്ഞു. വീടിനു മുകളിലേക്ക് മണ്ണ് പതിച്ചെങ്കിലും, ആർക്കും പരുക്കില്ല. നാലു കുടുംബങ്ങളെ അടിയന്തരമായി മാറ്റി പാർപ്പിച്ചു. മുമ്പ് മലയിൽ കണ്ടെത്തിയ വിള്ളൽ വലുതായിട്ടുണ്ട്.
മേൽപ്പറമ്പ് നടക്കാലിൽ വീടിനു മുകളിലേക്ക് കൂറ്റൻപാറ പതിച്ചു. വീട്ടിലുള്ളവർ ക്ഷേത്രദർശനത്തിന് പോയതിനാൽ അപകടം ഒഴിവായി. വീട് പൂർണമായും തകർന്നു. മഞ്ചേശ്വരം വോർക്കാടി പഞ്ചായത്തിലെ മുടിമാരു റോഡ് തകർന്നു. പൊസോട്ട് സ്വകാര്യ സ്കൂൾ കെട്ടിടത്തിൽ വെള്ളം കയറി, ഹോസ്റ്റൽ മുറിയിലെ കുട്ടികളെ രാത്രി മാറ്റി പാർപ്പിച്ചു. കുഞ്ചത്തൂരിൽ കിണർ ഇടിഞ്ഞ് താണു. അജാനൂർ കടപ്പുറത്ത് ചിത്താരിപ്പുഴ ഗതി മാറി ഒഴുകിയത് ആശങ്കയായി. തൃക്കണ്ണാട്, കാഞ്ഞങ്ങാട് കാസർകോട് സംസ്ഥാനപാതയുടെ അരിക് ഒലിച്ചുപോയി. കടലാക്രമണത്തിൽ സമീപത്തെ ക്ഷേത്രം കഴിഞ്ഞദിവസം തകർന്നിരുന്നു.