കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍, ഷെയ്ക്ക് ഹബീബ് ഉമർ ബിൻ ഹാഫിസ്, നിമിഷപ്രിയ
നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചതോടെ ചര്‍ച്ചകള്‍ക്കായി കൂടുതല്‍ സമയം ലഭിച്ചതിന്‍റെ ആശ്വാസത്തിലാണ് യെമനിലെ പ്രതിനിധി സംഘം. കുടുംബത്തെ അനുനയിപ്പിക്കാനായി സൂഫി പണ്ഡിതനായ ഹബീബ് ഒമര്‍ ബിന്‍ ഹാഫിസ് നേരിട്ട് രംഗത്തിറങ്ങും. ചര്‍ച്ചകളില്‍ സൂഫി പണ്ഡിതന്‍റെ പ്രതിനിധിയായിരുന്നു പങ്കെടുത്തിരുന്നത്. ഹബീബ് ഒമര്‍ നേരിട്ട് സംസാരിച്ചാല്‍ കുടുംബത്തിനും ഗോത്രത്തിനും മനംമാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. യെമനിലെ പ്രതിനിധി സംഘവുമായി നിശ്ചിത ഇടവേളകളില്‍ കാന്തപുരം എപി അബൂബക്കര്‍ മുസ് ലിയാര്‍ ചര്‍ച്ച നടത്തി നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.
Read Also: നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? വീണ്ടും തെളിഞ്ഞ് പ്രതീക്ഷ
നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചെങ്കിലും ദയാധനം സ്വീകരിച്ച് ശിക്ഷ ഒഴിവാക്കാനുള്ള നീക്കങ്ങള്‍ അനിശ്ചിതത്വത്തിലാണ്. നിമിഷപ്രിയയ്ക്ക് മാപ്പില്ലെന്ന് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ ഫെയ്സ്ബുക്കില്‍ പ്രതികരിച്ചു. ദയാധനത്തില്‍ ചര്‍ച്ച നടന്നുവെന്ന വാര്‍ത്തകള്‍ രക്ഷാശ്രമം പ്രതിസന്ധിയിലാക്കുന്നുവെന്ന് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി യെമനില്‍ നിന്ന് മനോരമന്യൂസിനോടു പറഞ്ഞു.
തലാലിന്റെ കുടുംബത്തിന്റെ കാല് പിടിച്ച് മാപ്പപേക്ഷിക്കുന്നുവെന്ന് പറഞ്ഞ പ്രേമകുമാരി സാമുവല്‍ ജെറോമിന്റെ ശ്രമങ്ങളെ പിന്തിരിപ്പിക്കരുതെന്നും അഭ്യര്‍ഥിച്ചു. ദയാധനത്തില്‍ ചര്‍ച്ചയെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും യെമനിലെ തുടര്‍നടപടികളില്‍ അങ്ങേയറ്റം സംയമനം വേണമെന്നും സാമുവല്‍ ജെറോമും പറഞ്ഞു.
വധശിക്ഷയില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്തെയുടെ പോസ്റ്റ്. ഒരുതരത്തിലുള്ള ഒത്തുതീര്‍പ്പിനും വഴങ്ങില്ല. രക്തത്തെ വിലയ്ക്കുവാങ്ങാന്‍ ആവില്ലെന്നും എന്തുവന്നാലും പ്രതികാരമുണ്ടാകുമെന്നും ഫത്തെയുടെ പോസ്റ്റ് വ്യക്തമാക്കുന്നു. ഫത്തെയുടെ നിലപാടിനെ പിന്തുണച്ചും എതിര്‍ത്തുമാണ് കമന്റുകള്‍. നിമിഷപ്രിയയ്ക്ക് മാപ്പ് നല്‍കണമെന്ന് മലയാളികളും അഭ്യര്‍ഥിക്കുന്നുണ്ട്. വാര്‍ത്തകള്‍ യെമനില്‍ പ്രചരിക്കുന്നത് നയതന്ത്രതലത്തിലുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാവുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെയും വിലയിരുത്തല്‍.