• അനില്‍കുമാറുണ്ടായിരുന്നത് 'എറ്റേണിറ്റി–സി' കപ്പലില്‍
  • എറ്റേണിറ്റി–സി ഹൂതികള്‍ ആക്രമിച്ചത് ഈ മാസം 10ന്
  • ആറാം തീയതിക്ക് ശേഷം ഫോണില്‍ കിട്ടിയിട്ടില്ലെന്ന് ഭാര്യ

ചെങ്കടലില്‍ യെമനിലെ ഹൂതി വിമതര്‍ ഈ മാസം പത്തിന് ആക്രമിച്ച് മുക്കിയ ചരക്കുകപ്പലില്‍ കാണാതായ ജീവനക്കാരില്‍ മലയാളിയും. കായംകുളം പത്തിയൂര്‍ സ്വദേശി ശ്രീജാലയത്തില്‍ അനില്‍കുമാറിനെയാണ് കാണാതായത്. ഈ മാസം ആറിന് അനിലുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് ഭാര്യ ശ്രീജ പറഞ്ഞു. ചെങ്കടലിലേക്ക് പോവുകയാണെന്ന് അന്ന് പറഞ്ഞിരുന്നുവെന്നും പിന്നീട് വിളിച്ചിട്ട് കിട്ടിയില്ലെന്നും ശ്രീജ മനോരമ ന്യൂസിനോട് പറഞ്ഞു.  ഭര്‍ത്താവിനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ശ്രീജ കേന്ദ്രസര്‍ക്കാരിനെയും, കെ.സി. വേണുഗോപാല്‍ എംപിയെയും സമീപിച്ചു. Also Read: ചെങ്കടലില്‍ കപ്പല്‍ മുക്കി ഹൂതികള്‍; മൂന്ന് മരണം; നിരവധിപ്പേരെ കാണാനില്ല

ഗ്രീക്ക് കമ്പനിയു‌ടെ ലൈബീരിയന്‍‌ റജിസ്ട്രേഷനുള്ള ‘ഏറ്റേണിറ്റി സി’ കപ്പലാണ് ആക്രമണത്തിന് ഇരയായത്. മൂന്ന്  ജീവനക്കാര്‍ കൊല്ലപ്പെടുകയും ഒരു മലയാളി ഉള്‍പ്പെടെ  ആറുപേരെ യൂറോപ്യന്‍ നാവികസേന രക്ഷപെടുത്തുകയും ചെയ്തിരുന്നു. തിരുവനന്തപുരം സ്വദേശി അഗസ്റ്റിനാണ് രക്ഷപ്പെട്ട മലയാളി.  15 ജീവനക്കാരെ കാണാതായിരുന്നു. ഇവര്‍ ഹൂതി വിമതരുടെ തടങ്കലിലാണെന്നാണ് സൂചന. ഡ്രോണുകള്‍ ഉപയോഗിച്ച് കപ്പലിലേക്ക് റോക്കറ്റുകള്‍ വിക്ഷേപിച്ചായിരുന്നു ആക്രമണം.

സമീപകാലത്ത് ചെങ്കടിലില്‍ ഹൂതികള്‍ നടത്തിയ ഏറ്റവും വലിയ ആക്രമണങ്ങളില്‍ ഒന്നായാണ് എറ്റേണിറ്റി–സിക്കെതിരെയുള്ള ആക്രമണത്തെ കരുതിപ്പോരുന്നത്. ഒരു മണിക്കൂറോളം ആക്രമണം നീണ്ടതോടെയാണ് കപ്പല്‍ മുങ്ങിയത്.  ഡ്രോണ്‍ ആക്രമണത്തിന് പുറമെ റോക്കറ്റുകളിലൂടെ ഗ്രനേഡുകളും ബോംബുകളും ഹൂതികള്‍ പ്രയോഗിച്ചിരുുന്നു. ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ക്രൂരതകള്‍ക്ക് പ്രതികാരമായാണ് ചെങ്കടലിലെ ആക്രമണങ്ങള്‍ എന്നാണ് ഹൂതികളുടെ നിലപാട്.

ENGLISH SUMMARY:

A Malayali man, Anil Kumar from Kayamkulam, is missing after a Houthi rebel attack on a cargo ship in the Red Sea on July 10. While some crew members were rescued, 15 are unaccounted for and feared detained by Houthis. His wife, Sreeja, has sought help from the Central government