കപ്പൽ ജോലിക്കിടെ കടലിൽ കാണാതായെന്ന് പറയുന്ന മകനെ ഒരുവർഷമായി കാത്തിരിക്കുകയാണ് ആലപ്പുഴയിലെ ഒരു കുടുംബം.പറവൂർ വൃന്ദാവനത്തിൽ ബാബു തിരുമലയുടെ മകൻ വിഷ്ണുവിനെയാണ് കഴിഞ്ഞവർഷം ജൂലൈ 17 ന് ഇന്തോനേഷ്യയ്ക്കും മലേഷ്യയ്ക്കും ഇടയിൽ മലാക്ക കടലിടുക്കിൽ കാണാതായത്.ചെറുപ്പം മുതൽ പൊതു പ്രവർത്തനരംഗത്തും സർവീസ് സംഘടനാ രംഗത്തും സജീവമായിരുന്ന തനിക്ക് മകനെ കണ്ടെത്താൻ ആവശ്യമായ സഹായം അധികാരികളുടെയും സർക്കാരുകളുടെയും ഭാഗത്ത് നിന്ന് ഉണ്ടാകാത്തതിൽ ബാബുവിന് അതിയായ സങ്കടവുമുണ്ട്.
ഉള്ളിൽ ആർത്തലയ്ക്കുന്ന ദുഃഖത്തിൻ്റെ പെരുമഴയുണ്ടെങ്കിലും ഈ പിതാവിൻ്റെ കാത്തിരിപ്പ് തുടരുകയാണ്. ഒരു വർഷം മുൻപ് വീട്ടിലേക്കെത്തിയ ഒരു ഫോൺ സന്ദേശം ഉള്ളുലയ്ക്കുന്നതായിരുന്നു.തലേന്ന് ഫോണിൽ സംസാരിച്ച മകൻ വിഷ്ണുവിനെ കടലിൽ കാണാതായെന്ന വിവരമായിരുന്നു അത്.
ചെന്നൈയിലെ ഡാൻസായി മറൈൻ കാർഗോ ഷിപ്പിങ് കമ്പനിയുടെ എസ്എസ്ഐ റസല്യൂട്ട് എന്ന കപ്പലിലെ ട്രെയിനി ആയിരുന്നു വിഷ്ണു. ഒഡീഷയിൽ നിന്ന് ചരക്കുമായി ചൈനയിലേക്ക് പോകുകയായിരുന്നു കപ്പൽ . ഇന്തോനേഷ്യക്കും - മലേഷ്യയ്ക്കും മധ്യേ മലാക്ക കടലിടുക്കിൽ വീണ് കാണാതായെന്നാന്നായിരുന്നു അറിയിപ്പ്.
ജീവനക്കാർ ദിവസവും രാവിലെ കപ്പലിലെ പ്രധാന ഓഫീസിൽ റിപ്പോർട്ട് ചെയ്യുന്ന പതിവുണ്ട്. വിഷ്ണുവിനെ കാണാത്തതിനാൽ നടത്തിയ പരിശോധനയിൽ ഡെക്കിൽ വിഷ്ണുവിൻ്റെ ചെരുപ്പു കണ്ടെത്തി. ഇതേ തുടർന്നാണ് കടലിൽ വീണതാകാമെന്ന നിഗമനത്തിൽ എത്തിയത്. രണ്ടു രാജ്യങ്ങളുടെ അതിർത്തിയിലുള്ള കടൽ ആയതിനാൽ തിരച്ചിലിന് ഏകോപനം ഉണ്ടായില്ല. നിരവധി നിവേദനങ്ങൾ നൽകിയിട്ടും കേന്ദ്ര സംസ്ഥാന സർക്കാരുകളും അധികാരികളും വേണ്ട രീതിയിൽ ഇടപെട്ടില്ലെന്ന വിഷമവും ഈ കുടുംബത്തിനുണ്ട്.
വിഷ്ണുവിൻ്റെ അമ്മ ഇതുവരെ മകനെ കാണാതായതിൻ്റെ ആഘാതത്തിൽ നിന്ന് മോചിതയായിട്ടില്ല. പുതിയ വീടുവയ്ക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. പഴയ വീട് പൊളിച്ച് വിഷ്ണുവിൻ്റെ ആഗ്രഹം പോലെ പുതിയ വീടുവയ്ക്കുകയാണ് കുടുംബം . വിഷ്ണുവിന് എന്തു പറ്റിയെന്നെങ്കിലും അറിഞ്ഞാൽ മതിയെന്നാണ് ഈ കുടുംബം പറയുന്നത്.