തൃശൂര്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ എഡിജിപി അജിത്കുമാറിനെതിരെ നടപടി വേണമെന്ന് ആഭ്യന്തര സെക്രട്ടറിയും. അജിത്കുമാറിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് വ്യക്തമാക്കുന്ന ഡിജിപിയുടെ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി ശരിവച്ചു. നടപടി ശുപാര്‍ശ ചെയ്ത് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. പൂരം അലങ്കോലപ്പെട്ടിട്ടും ഇടപെടാതിരുന്ന അജിത്കുമാറിന്‍റെ നടപടി ഗുരുതരമായ കര്‍ത്തവ്യ ലംഘനമാണെന്നായിരുന്നു ഡിജിപി കണ്ടെത്തിയത്. പ്രതിസന്ധിക്ക് പരിഹാരം തേടി റവന്യൂമന്ത്രി വിളിച്ചിട്ട് അജിത് കുമാര്‍ ഫോണ്‍ എടുത്തില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്‍റെ ഭാഗമായാണ് അജിത്കുമാര്‍ തൃശൂരില്‍ എത്തിയത്. കമ്മിഷണര്‍ ആയിരുന്ന അങ്കിത് അശോകും പൂരം സംഘാടകരും തമ്മില്‍ വാഗ്വാദമുണ്ടായത് മന്ത്രി കെ.രാജന്‍ എഡിജിപിയെ വിളിച്ച് അറിയിക്കുകയും ചെയ്തു. താന്‍ സ്ഥലത്തുണ്ടെന്നും രാത്രിയില്‍ കാണുമെന്നും എല്ലാം വേണ്ടതുപോലെ കൈകാര്യം ചെയ്യുമെന്നും എഡിജിപി ആദ്യം പറഞ്ഞുവെന്നാണ് മന്ത്രി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. എന്നാല്‍ പൂരം അലങ്കോലപ്പെട്ട രാത്രി മന്ത്രി രാജന്‍ ബന്ധപ്പെട്ടെങ്കിലും അജിത്കുമാര്‍ ഫോണെടുത്തില്ല. ഇക്കാര്യം രാജന്‍ അന്വേഷണഘട്ടത്തില്‍ വ്യക്തമാക്കുകയും ചെയ്തു. തൃശൂര്‍പൂരം അലങ്കോലപ്പെട്ടതില്‍ സര്‍ക്കാര്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ച് ഏകദേശം ഒരുവര്‍ഷത്തോട് അടുക്കുമ്പോഴാണ് റിപ്പോര്‍ട്ട് പുറത്തു വരുന്നത്.