മദ്രസ പഠനത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സ്കൂള്‍ സമയമാറ്റത്തെ എതിര്‍ക്കുന്ന മുസ്ലീം സംഘടനകളുമായി സമവായത്തിന് സി പി എം ശ്രമം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസല്യാരെ കണ്ടെങ്കിലും ഇക്കാര്യത്തില്‍ ചര്‍ച്ച വേണമെന്ന് കാന്തപുരം ഉറപ്പിച്ചുപറഞ്ഞു. തീരുമാനം മാറ്റില്ലെന്ന് പറഞ്ഞവരോട് ചര്‍ച്ചയ്ക്ക് പോകണോയെന്ന് സംഘടനകള്‍ തീരുമാനിക്കട്ടെയെന്നായിരുന്നു മുസ്ലീം ലീഗ് പ്രതികരണം.
ചര്‍ച്ച നടത്താം, പക്ഷെ ഹൈസ്കൂകള്‍ ക്ലാസുകളുടെ സമയം കൂട്ടിയ തീരുമാനം പിന്‍വലിക്കില്ല. ഇതാണ് വിദ്യാഭ്യാസമന്ത്രിയുടെ നിലപാട്. മുസ്ലീം സമുദായത്തെ അവഗണിക്കാനാണ് തീരുമാനമെങ്കില്‍ തിക്തഫലം അനുഭവിക്കുമെന്നായിരുന്നു ഇതിന് ഇ കെ വിഭാഗം സമസ്ത ഇന്നലെ നല്‍കിയ മറുപടി. കാന്തപുരം വിഭാഗത്തിനുംമന്ത്രിയുടെ പ്രസ്താവനയില്‍ കടുത്ത അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിലാണ് എം വി ഗോവിന്ദന്‍ കാന്തപുരത്തെ നേരിട്ട് കണ്ടത്. എന്നാല്‍ സമയമാറ്റം ചര്‍ച്ചയായില്ലെന്നായിരുന്നു ഗോവിന്ദന്റ പ്രതികരണം
സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ ബദല്‍ നിര്‍ദേശങ്ങള്‍ വയ്ക്കാന്‍ ഇ കെ വിഭാഗം സമസ്തയും തീരുമാനിച്ചിട്ടുണ്ട്. രാവിലെയും വൈകിട്ടും 15 മിനിറ്റ് വീതം കൂട്ടുന്നതിന് പകരം അവധി സമയം കുറച്ച് ആ സമയം ക്ലാസെടുക്കുക. അതല്ലെങ്കില്‍ മദ്രസ പഠനത്തെ ബാധിക്കുന്ന രാവിലത്തെ 15 മിനിറ്റ് ഒഴിവാക്കി വൈകീട്ട് അരമണിക്കൂർ കൂടുതല്‍ പഠിപ്പിക്കുക. ചര്‍ച്ച നടത്തും മുമ്പെ വിദ്യാഭ്യാസമന്ത്രി തീരുമാനം പ്രഖ്യാപിച്ചത് ശരിയായില്ലെന്നായിരുന്നു ഇക്കാര്യത്തില്‍ മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാമിന്റ പ്രതികരണം