TOPICS COVERED

യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ കേസില്‍ ഇനിയുള്ള പ്രതീക്ഷ കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിയുടെ കുടുംബത്തിന്‍റെ മാപ്പ് അംഗീകരിക്കലാണ്. യെമനിലെ മത പണ്ഡിതന്മാര്‍ കേന്ദ്രീകരിച്ച് നടക്കുന്ന ചര്‍ച്ചകളിലാണ് ഇതിനുള്ള സാധ്യത തെളിയുന്നത്. കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി ഇതിനുമുമ്പ് ബന്ധം സ്ഥാപിക്കാനാകാന്‍ സാധിക്കാതിരുന്നയിടത്ത് കാന്തപുരത്തിന്‍റെ ഇടപെടലിലൂടെയാണ് ആശയവിനിമയം സാധ്യമാകുന്നത്. 

അതേസമയം മാപ്പ് നല്‍കുമെന്ന കാര്യം ഉറപ്പിക്കാതെയാണ് തലാലിന്റെ സഹോദരന്‍ അബ്ദുള്‍ ഫത്താഹ് മെഹ്ദി കഴിഞ്ഞ ദിവസം ബിബിസി അറബിയോട് സംസാരിച്ചത്. 'അനുരഞ്ജന ശ്രമങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ നിലപാട്  ദൈവനിയമം നടപ്പാകണം എന്നാണ്. മറ്റൊന്നുമില്ല' എന്നാണ് അബ്ദുള്‍ ഫത്താഹ് മെഹ്ദിയുടെ പ്രതികരണം. വധശിക്ഷ നീട്ടിയ ഉത്തരവ് പുറത്തുവരുന്നതിന് മുന്‍പുള്ള പ്രതികരണമാണിത്. 

നിമിഷപ്രിയയ്ക്ക് ദൈവനിയമപ്രകാരം ശിക്ഷ കിട്ടണം, അതില്‍കുറ‍ഞ്ഞൊന്നും അംഗീകരിക്കില്ലെന്നും അബ്ദുള്‍ ഫത്താഹ് മെഹ്ദി പറഞ്ഞു. ക്രൂരകൃത്യത്തിന് അപ്പുറം നീണ്ട നിയമ പോരാട്ടം കുടുംബത്തെ വല്ലാതെ വേദനിപ്പിച്ചു. തലാല്‍ നിമിഷയുടെ പാസ്പോര്‍ട്ട് പിടിച്ചുവച്ചിട്ടില്ല, പല ആരോപണങ്ങള്‍ക്കും തെളിവില്ലെന്നും മഹ്ദി പറഞ്ഞു. ഇന്ത്യന്‍ മാധ്യമങ്ങള്‍ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാന്‍  നിമിഷ പ്രിയയെ ഇരയായി ചിത്രീകരിക്കുന്നതായും മഹ്ദിയുടെ പ്രതികരണത്തിലുണ്ട്. 

'സത്യത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങള്‍ ദു‍ഖകരമാണ്. നിമിഷ പ്രിയയെ ഇരയായി ചിത്രീകരിച്ച് കുറ്റത്തെ ന്യായീകരിക്കുന്ന ഇന്ത്യൻ മാധ്യമങ്ങള്‍ ചെയ്യുന്നത് പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാനുമുള്ള ശ്രമങ്ങളാണ്. "ഏത് തർക്കവും, അതിന്‍റെ കാരണങ്ങൾ എന്തുതന്നെയായാലും, എത്ര വലുതായാലും, ഒരു കൊലപാതകത്തെ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല' അദ്ദേഹം പറഞ്ഞു. 

യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയ്ക്ക് ആശ്വാസമായി ഇന്നലെയാണ് വധശിക്ഷ മാറ്റിവച്ചുള്ള ഉത്തരവ് പുറത്തുവന്നത്. വധശിക്ഷ നടപ്പിലാക്കേണ്ട സമയത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ഉത്തരവ് വന്നതെങ്കിലും ഇതില്‍ ഞായറാഴ്ച തന്നെ തീരുമാനം എടുത്തിരുന്നു. കൊല്ലപ്പെട്ട തലാലിന്റെ ഗ്രാമത്തിലും ഗോത്രത്തിലും ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനാണ് ഈ വിവരങ്ങള്‍ ഇത്രയും നേരെ രഹസ്യമാക്കിവെച്ചത്. കൊല്ലപ്പെട്ടയാളുടെ കുടുംബം ദയാധനം സ്വീകരിച്ച് മാപ്പ് നൽകുന്നതിനായുള്ള ശ്രമങ്ങളാണ് ഇനി മുന്നോട്ട് പോകേണ്ടത്.

ENGLISH SUMMARY:

Hope for Nimisha Priya rests on the victim Talal Abdumahdi's family's forgiveness, though his brother, Abdul Fattah Mehdi, insists "God's law must prevail," dismissing claims that Indian media is portraying Nimisha as a victim. Her execution was recently stayed, but the family's stance remains firm.