തെരുവുനായയുടെ ആക്രമണത്തെ തുടർന്ന് പേവിഷബാധയേറ്റ് മരിച്ച മലപ്പുറം പെരുവളളൂർ കാക്കത്തടത്തെ ആറര വയസുകാരി സിയ ഫാരിസിന് കൃത്യമായ ചികിൽസ കിട്ടിയില്ലെന്ന് കുടുംബം മനോരമ ന്യൂസിനോട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന് കാര്യമായ സഹായം ലഭിച്ചില്ല. പ്രദേശത്തെ തെരുവുനായ ശല്ല്യം ഇപ്പോഴും പഴയതുപോലെ തുടരുകയാണ്.
ആറര വയസുകാരി സിയ ഫാത്തിമയുടെ അപ്രതീക്ഷിത വിയോഗത്തിൻ്റെ ആഘാതത്തിൽ നിന്ന് കുടുംബം ഇപ്പോഴും മോചിതരായിട്ടില്ല. ഇവർക്കൊപ്പം മുറ്റത്ത് ഓടിക്കളിച്ചിരുന്ന ചേച്ചിയെ നഷ്ടമായതിൻ്റെ ആഘാതം ഈ വീടും പരിസരവുമെല്ലാം മൂകമാക്കിയിട്ടുണ്ട്. തെരുവുനായ ആക്രമണത്തിനു പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനാവാത്തതിൻ്റെ വേദനയിലും നിരാശയിലുമാണ് കുടുംബം.
കൂലിപ്പണിക്കാരനായ സൽമാൻ ഫാരിസിൻ്റെയും ജുസൈലയുടേയും മൂത്ത മകളായിരുന്നു മരിച്ച സിയ ഫാരിസ്. മിഠായി വാങ്ങാൻ കടയിലേക്ക് പോകുമ്പോഴാണ് തെരുവുനായ ആക്രമിച്ചത്. സിയുടെ മരണത്തിനുശേഷം തെരുവു നായകളുടെ എണ്ണം കുറയ്ക്കാനും നിയന്ത്രിക്കാനും നടപടിയെടുക്കുമെന്ന് പറഞ്ഞെങ്കിലും ഒന്നുമുണ്ടായില്ല. എപ്പോൾ വേണമെങ്കിലും തകർന്നുവീണേക്കാവുന്ന കൊച്ചു വീട്ടിലാണ് സിയുടെ അച്ഛനും അമ്മയും രണ്ട് സഹോദരങ്ങളും മുത്തച്ഛനും അടങ്ങുന്ന കുടുംബം താമസിക്കുന്നത്. മരിച്ചതിന് പിന്നാലെ ഗ്രാമപഞ്ചായത്ത് നൽകിയ പതിനായിരം രൂപയുടെ ധനസഹായമാണ് ആകെ കുടുംബത്തിന് ലഭിച്ചത്.