തെരുവുനായശല്യം നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് ബ്ലോക്ക് അടിസ്ഥാനത്തില്‍ 152 മൊബൈല്‍ പോര്‍ട്ടബിള്‍ എ.ബി.സി കേന്ദ്രങ്ങള്‍ സ്ഥാപിക്കും. പകര്‍ച്ചവ്യാധി പ്രതിരോധ നിയമത്തിലെ ചട്ടം പ്രയോജനപ്പെടുത്തി പേവിഷബാധയേറ്റതും അപകടകാരികളുമായ നായ്ക്കളെ ദയാവധത്തിന് വിധേയമാക്കും. അടുത്തമാസം തെരുവുനായ്ക്കള്‍ക്ക് സമ്പൂര്‍ണ വാക്സീനേഷന്‍ നല്‍കാനും തീരുമാനമായി.
28 ലക്ഷം വീതം വിലയുള്ള 152 പോര്‍ട്ടബിള്‍ എ.ബി.സി കേന്ദ്രങ്ങള്‍ക്കുള്ള പണം തദ്ദേശവകുപ്പ് അനുവദിക്കും. പ്രാദേശിക തര്‍ക്കം ഒഴിവാക്കാന്‍ നിയമനടപടി കര്‍ക്കശമാക്കും. കേന്ദ്രചട്ടങ്ങളില്‍ അപടകാരികളായ നായ്ക്കളെ ദയാവധത്തിന് വിധേയമാക്കാനുള്ള സാധ്യത പ്രയോജനപ്പെടുത്തും.
എ.ബി.സി ചട്ടങ്ങളിലെ ഇളവ് തേടി വീണ്ടും കേന്ദ്ര സര്‍ക്കാരിനെ സമീപിക്കും. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പണിപൂര്‍ത്തിയായ എ.ബി.സി കേന്ദ്രങ്ങളുടെ നടത്തിപ്പിന് പ്രാദേശിക കൂട്ടായ്മ രൂപീകരിച്ച് ചര്‍ച്ച നടത്തും. ഓഗസ്റ്റില്‍ തെരുവുനായ്ക്കള്‍ക്കുള്ള വാക്സീനേഷനും, സെപ്റ്റംബറില്‍ വളര്‍ത്തുനായ്ക്കള്‍ക്കുള്ള സമ്പൂര്‍ണ വാക്സീനേഷനും നടപ്പാക്കും. നായ്ക്കളുടെ ഉടമസ്ഥരെ തിരിച്ചറിയാന്‍ ചിപ്പ് ഘടിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.