സാങ്കേതികത്തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലിറങ്ങിയ ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35ബി പോര്‍വിമാനത്തിന്‍റെ തകരാര്‍ പരിഹരിച്ചു. യുദ്ധവിമാനത്തിന്‍റെ ഹൈഡ്രോളിക് സിസ്റ്റത്തിലും ഓക്സിലറി പവർ യൂണിറ്റിലും കണ്ടെത്തിയ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ചതോടെ വിമാനം തിരികെ പറക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനായി ബ്രിട്ടണിലെ നാവികസേനാ മേധാവിയുടെ അനുമതി ആവശ്യമാണ്.
Also Read: കളിയാക്കലില്‍ തളര്‍ന്നില്ല; മിടുക്കനായി എഫ്35ബി; ബ്രിട്ടനിലേക്കുള്ള മടക്കം പറന്നു തന്നെ
കനത്ത സുരക്ഷയിലാണ് ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്‍റെ അറ്റകുറ്റപ്പണികള്‍ തീര്‍ത്തത്. തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നാലാം ബേയില്‍ മൂന്ന് ആഴ്ചയോളം കിടന്ന എഫ്-35ബി പോര്‍വിമാനം ബ്രിട്ടീഷ് ഉദ്യോഗസ്ഥരെത്തിയ ശേഷമാണ് ഹാംഗറിലേക്ക് മാറ്റിയത്. ബ്രിട്ടീഷ് ടെക്നീഷ്യന്‍മാര്‍ക്കൊപ്പം ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥരും ഹാങറിലുണ്ട്.
വിമാനത്തെ ഹാങറിലേക്ക് മാറ്റിയതോടെ ഈ ഭാഗത്തിന്‍റെ പൂര്‍ണ നിയന്ത്രണം ബ്രിട്ടീഷ് സൈന്യം ഏറ്റെടുത്തിരുന്നു. ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ഹാങറില്‍ നിന്നും ഒരകലത്തിലാണ് സുരക്ഷയ്ക്കായി വിന്യസിച്ചത്. രഹസ്യസ്വഭാവം ഉറപ്പുവരുത്തുന്നതിനായി എയർ ഇന്ത്യയുടെ ഹാങര്‍ പൂർണമായും അടച്ചുപൂട്ടിയാണ് അറ്റകുറ്റപ്പണി നടത്തിയതും.
Also Read: യുദ്ധവിമാനത്തിന് പാര്‍ക്കിങ് ഫ്രീയോ? ഫീയടക്കാതെ കൊണ്ടുപോകുമോ ബ്രിട്ടണ്‍
അതേസമയം, വിമാനത്തിന്‍റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയാലും ടേക്ക് ഓഫും ലാന്‍ഡിങും പരീക്ഷിച്ചതിന് ശേഷം മാത്രമെ വിമാനത്തെ പറത്തികൊണ്ടുപോവുകയുള്ളൂ. കഴിഞ്ഞ ദിവസം ഹാങറില്‍ വിമാനം പറത്തിക്കൊണ്ടുപോകുന്നതിനുള്ള എന്‍ജിന്‍ ക്ഷമത പരിശോധിച്ചു. ഒരു മാസത്തിന് ശേഷമാണ് എഫ്-35ബിയുടെ അറ്റകുറ്റപണി പരിഹരിക്കാന്‍ സാധിക്കുന്നത്.
ജൂണ്‍ 14 നാണ് എഫ്–35 പോര്‍വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. ഇന്ത്യയുമായുള്ള 'ഓപ്പറേഷന്‍ ഹൈ മാസ്റ്റ്' സൈനികാഭ്യാസത്തിനിടെയാണ് എഫ്-35 തിരുവനന്തപുരത്ത് വന്നിറങ്ങുന്നത്. വിമാനത്തിന് ഇന്ധനം തീര്‍ന്നതും മോശം കാലാവസ്ഥയില്‍ പറന്നിറങ്ങിയ യുദ്ധവിമാനത്തിലേക്ക് ലാന്‍ഡിങ് സാധിച്ചില്ലെന്നതുമാണ് എന്നുതുമാണ് അടിയന്തര ലാന്‍ഡിങിന്‍റെ കാരണമായി പറഞ്ഞത്. പിന്നീട് തിരികെ പറക്കാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്തിന്‍റെ സാങ്കേതിക പ്രശ്നം സ്ഥിരീകരിക്കുകയായിരുന്നു. മൂന്നാഴ്ചയ്ക്ക് ശേഷം ബ്രിട്ടന്‍റെ സൈനിക വിമാനത്തിലെത്തിയ വിദഗ്ധ സംഘമാണ് പോര്‍വിമാനത്തിന് അറ്റകുറ്റപ്പണി നടത്തിയത്.