തിരുവനന്തപുരത്ത് കുടുങ്ങിക്കിടക്കുന്ന യുകെ യുദ്ധവിമാനം പാര്‍ക്ക് ചെയ്യുന്നതിന് ഇന്ത്യ ബ്രിട്ടണില്‍ നിന്ന് തുക ഈടാക്കുമോ എന്നതില്‍ അവ്യക്തത തുടരുന്നു. വിമാനത്താവള കമ്പനിയുടെ നിരക്ക് അനുസരിച്ച് ഇതുവരെയുള്ള പാര്‍ക്കിങ് ചാര്‍ജ് രണ്ടര ലക്ഷത്തിനടുത്തെത്തി . എന്നാല്‍ ബ്രീട്ടീഷ് സൈനിക വിമാനമായതിനാല്‍ ഇളവ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ വിമാനത്താവളകമ്പനിയോട് നിര്‍ദേശിക്കുമോ എന്നതില്‍ വൈകാതെ വ്യക്തതയുണ്ടായേക്കും.
യുകെ യുദ്ധവിമാനത്തിന്‍റെ അറ്റകുറ്റപ്പണകള്‍ പൂര്‍ത്തിയായി തിരികെ പറക്കും മുന്‍പാണ് വിമാനത്താളകമ്പനിക്ക് പാര്‍ക്കിങ് ഫീസ് ഉള്‍പ്പടെ നല്‍കേണ്ടി വരിക. വിമാനത്തിന്‍റെ വലുപ്പം അനുസരിച്ച് പ്രതിദിനം പതിനായിരത്തിന് മുകളില്‍ തുകയാണ് പാര്‍ക്കിങ് ഫീസായി ഈടാക്കുക. ഇതിന് പുറമേ വിമാനം അടിയന്തിരമായി ഇറക്കിയതിന്‍റെ ലാന്‍ഡിങ് ചാര്‍ജും നല്‍കണം. മൂന്നാഴ്ചയായി വിമാനം തിരുവനന്തപുരത്തുണ്ട് .
ഇന്നലെ വരെയുള്ള കണക്കുകള്‍ അനുസരിച്ച് ഇതുവരെ രണ്ടരലക്ഷത്തിന് മുകളിലിലായി പാര്‍ക്കിങ് ഫീസ് മാത്രം . വിമാനം ലാന്‍ഡ് ചെയ്യാന്‍ രണ്ടു ലക്ഷം രൂപവരെയാണ് വിമാനത്താള നടത്തിപ്പുകാരായ അദാനി ഗ്രൂപ്പിന് നല്‍കേണ്ടത്. വിമാനം അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി തിരികെ പറക്കും വരെ തുക ഉയര്‍ന്നുകൊണ്ടിരിക്കും. യുദ്ധവിമാനത്തിനു പുറമെ കഴിഞ്ഞ ദിവസം വിദഗ്ധരുമായി എത്തിയ അറ്റ്ലസ് വിമാനത്തിനും ലാൻഡിങ് ചാർജ് നൽകണം. യുകെയുടെ യുദ്ധവിമാനമായതിനാല്‍ തുകയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനാവും.
ഇന്ത്യയുമായുള്ളസംയുക്ത സൈനിക അഭ്യാസത്തിനാണ് വിമാനം വന്നത് എന്നതിനാല്‍ ഇന്ത്യക്ക് പാര്‍ക്കിങ് ഇനത്തില്‍ ഇളവ് നല്‍കാനോ പൂര്‍ണമായും ഒഴിവാക്കാനോ ആവും. ഇക്കാര്യത്തില്‍ വൈകാതെ അന്തിമ തീരുമാനമുണ്ടാവും അതിനിടെ വിമാനത്തിന്‍റെ അറ്റകുറ്റപ്പണി പുരോഗമിക്കുകയാണ് . വൈകാതെ വിമാനം സജ്ജമാക്കാന്‍ ആവും എന്നാണ് വിദ്ധരുടെ പ്രതീക്ഷ.