പാലക്കാട് പൊൽപ്പുള്ളിയിൽ സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാറിന് തീപിടിച്ചുണ്ടായ ദുരന്തത്തിൽ മരിച്ച സഹോദരങ്ങൾക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. മൃതദേഹം കുട്ടികൾ പഠിച്ചിരുന്ന സ്കൂളിലും ഇടവകപ്പള്ളിയിലും പൊതുദർശനത്തിനുവച്ചു. കൊച്ചിയിൽ ചികിൽസയിലുള്ള അമ്മ അറിയാതെയാണ് ഇനിയൊരു മടക്കമില്ലാത്ത ലോകത്തേയ്ക്ക് കുരുന്നുകൾ പോയത്. സംസ്ക്കാരം ഉച്ചകഴിഞ്ഞ് അട്ടപ്പാടിയിലെ താവളം ഹോളി ട്രിനിറ്റി ദേവാലയ സെമിത്തേരിയിൽ നടക്കും.
പൊൽപ്പുള്ളി കെവിഎം യുപി സ്കൂളിൽ തീരാനോവിന്റെ കർക്കിടമേഘം പെയ്യാൻ വിതുമ്പി നിന്നു. കളിചിരികൾ മാഞ്ഞ സ്കൂൾ മുറ്റത്ത് അസാധാരണ അസംബ്ലി. സങ്കടം നിറഞ്ഞ കുഞ്ഞുമുഖങ്ങൾ വരിതെറ്റാതെ നിന്നു. പ്രിയ ചങ്ങാതികൾക്ക് അവസാന യാത്രയയപ്പ് നൽകാൻ. ചിരിയുണ്ടായിരുന്നത് ആൽഫ്രഡിന്റെയും എമിൽ മരിയയുടെയും ചിത്രങ്ങളിൽ മാത്രം. മൃതദേഹം സൂക്ഷിച്ച പാലന ആശുപത്രിയിൽ നിന്ന് ഒൻപതേ അൻപതോടെ കുട്ടികൾ പഠിച്ചിരുന്ന സ്കൂളിലേയ്ക്ക്. വിടരുംമുൻപേ കൊഴിഞ്ഞ പനിനീർപൂക്കൾപോലെ ആറു വയസുകാരൻ ആൽഫ്രഡും നാലു വയസുകാരി കുഞ്ഞനുജത്തി എമിലും. പാഠം ഒന്ന്. ഒരിക്കലും തീരാവേദന.
വെളളിയാഴ്ച്ചയാണ് കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീപിടിച്ച് ആൽഫ്രഡിനും എമിലിനും സഹോദരി അലീനയ്ക്കും അമ്മ എൽസിക്കും ഗുരുതരമായി പൊള്ളലേറ്റത്. ഇടവക പള്ളിയായ ചിറ്റൂർ ഹോളി ഫാമിലി ചർച്ചിലെയും പൊതുദർശനത്തിനാണ് മൃതദേഹം അട്ടപ്പാടിയിലേയ്ക്ക് കൊണ്ടുപോയത്. എൽസിക്ക് അവസാനമായി ഒരുനോക്കുകാണാൻ കുട്ടികളുടെ മൃതദേഹം രണ്ടു ദിവസം മോർച്ചറിയിൽ സൂക്ഷിച്ചത്. എന്നാൽ സ്ഥിതി മെച്ചപ്പെടാതെ എൽസി അബോധാവസ്ഥയിൽ തുടരുന്നതിനാലാണ് സംസ്ക്കാരച്ചടങ്ങുകൾ ഇന്ന് നടത്താൻ തീരുമാനിച്ചത്.