എറണാകുളം കാലടി സർവകലാശാലയിൽ സി.പി.എം നയിക്കുന്ന സിൻഡിക്കേറ്റ് ശുപാർശ ചെയ്ത നിയന്ത്രണങ്ങൾക്കെതിരെ എസ്.എഫ്.ഐയുടെ രാപ്പകൽ സമരം എട്ടാം ദിവസത്തിൽ. സമരം ഒത്തുതീർപ്പാക്കി എന്നാണ് സിൻഡിക്കേറ്റിന്‍റെ അവകാശവാദം. എന്നാല്‍ സമരം തുടരുന്ന സാഹചര്യത്തിൽ, സർവ്വകലാശാലയ്ക്കും ഉദ്യോഗസ്ഥർക്കും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് രജിസ്ട്രാർ കത്ത് നൽകി.
ക്യാംപസിൽ ലഹരി വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് എന്നാണ് ഇടതു സിൻഡിക്കേറ്റിന്‍റെ വിശദീകരണം. സിപിഎം നേതാവ് അഡ്വ. കെ.എസ് അരുൺകുമാറിന്‍റെ നേതൃത്വത്തിലുള്ള സമിതി ഹോസ്റ്റലിലും ക്യാംപസിലും കൊണ്ടുവന്ന ഈ പരിഷ്കാരങ്ങൾ പക്ഷേ സ്വന്തം വിദ്യാർത്ഥി പ്രസ്ഥാനത്തിലുള്ളവർക്ക് പിടിച്ചില്ല. പ്രത്യക്ഷ സമരത്തിന് ഇറങ്ങിയ 50ലധികം വിദ്യാർത്ഥികൾക്ക് കാരണം കാണിക്കൽ നോട്ടിസും നൽകി. എസ്എഫ്ഐ സമരം പരിഹരിക്കാനുള്ള ചർച്ചകൾ സമാന്തരമായി തുടരുന്നുണ്ടെങ്കിലും ഹോസ്റ്റലിലെയും വായനാമുറിയിലെയും സമയനിയന്ത്രണങ്ങളിൽ ഒത്തുതീർപ്പ് ഉണ്ടാകുമോ എന്ന കാര്യം സംശയമാണ്.
ഉത്തരവുകൾ സംബന്ധിച്ച് കുട്ടികൾ ഉയർത്തിയ ആശങ്കകളിൽ ചിലത് പരിഹരിക്കപ്പെട്ടതോടെ സമരം ഒത്തുതീർപ്പാകും എന്നാണ് സിൻഡിക്കേറ്റിന്‍റെ പ്രതീക്ഷ. ഇതിനിടയിലാണ് സർവകലാശാല രജിസ്ട്രാർ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കത്തയച്ചത്. രാത്രിയിലും ക്യാംപസിന്‍റെ കവാടങ്ങൾ തുറന്നിട്ട് വിദ്യാർഥികൾ നടത്തുന്ന സമരം ലഹരി മാഫിയയ്ക്ക് സഹായകരമാകുമെന്നാണ് സർവകലാശാലയുടെ നിരീക്ഷണം. രാത്രി 11ന് ക്യാംപസിന്‍റെ മുഖ്യ കവാടങ്ങളും ഹോസ്റ്റലുകളുടെ കവാടങ്ങളും അടയ്ക്കാൻ പൊലീസ് ഇടപെടൽ വേണമെന്നും കത്തിൽ പറയുന്നു.