നന്മ ചെയ്യുക എന്ന ഉത്തരവാദിത്തമാണ് നിറവേറ്റിയത് എന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്. യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റി വയ്ക്കാനായതിലായിരുന്നു കാന്തപുരത്തിന്‍റെ പ്രതികരണം. യെമനിലെ സൂഫി പണ്ഡിതൻ ഷെയ്ക്ക് ഹബീബ് ഉമർ ബിൻ ഹാഫിസുമായി കാന്തപുരം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് നിര്‍ണായക തീരുമാനം പുറത്തുവന്നത്. ഇതിന് പിന്നാലെ വസാബിയിലെ ഷെയ്ഖ് ഇടപെട്ടതോടെ നിമിഷപ്രിയയുടെ വധശിക്ഷ മാറ്റി വയ്ക്കുകയാണെന്നും പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും അറ്റോണി ജനറല്‍ ഉത്തരവ് പുറപ്പെടുവിച്ചു. Also Read:നിമിഷപ്രിയയ്ക്ക് ആശ്വാസം; വധശിക്ഷ മാറ്റിവച്ചു
തലാലിന്‍റെ കുടുംബവുമായി ചര്‍ച്ചകള്‍ തുടരണമെന്നാണ് നിമിഷപ്രിയയുടെ കുടുംബത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. തലാലിന്‍റെ കുടുംബത്തിന്‍റെ അനുമതി ഇല്ലാതെയാണ് നിലവില്‍ വധശിക്ഷ മാറ്റിവച്ച ഉത്തരവിറങ്ങിയതും. ദയാധനം സ്വീകരിക്കുന്നതിലോ മാപ്പ് നല്‍കുന്നതിലോ അന്തിമ തീരുമാനവും പുറത്തുവന്നിട്ടില്ല.
അതേസമയം, കാന്തപുരത്തിന്‍റെ നടപടി ലോകത്തിന് തന്നെ പ്രതീക്ഷയും പ്രത്യാശയുമാണെന്ന് സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേര്‍ കുറിച്ചു. ഭിന്നിപ്പുകളുടെ ലോകത്തില്‍ ഏറെ സാന്ത്വനവും ആശ്വാസവും പകരുന്ന ചേര്‍ത്തുനിര്‍ത്തലാണിതെന്നും നന്‍മ മാത്രമാണ് ഇതിലുള്ളതെന്നും ആളുകള്‍ കുറിക്കുന്നു.