അതിരപ്പിള്ളിയിൽ കാട്ടാന ശല്യം രൂക്ഷം. രാത്രിയിൽ ഇറങ്ങുന്ന കാട്ടാനയെ നാട്ടുകാർ ഓടിക്കുന്നത് പടക്കം പൊട്ടിച്ച്. എല്ലാവരും കിടന്നുറങ്ങുമ്പോൾ ഉണർന്നിരിക്കുന്നവരാണ് ഉറക്കം കെടുത്തുന്ന കാട്ടാനയെ തുരത്തുന്നത്.
വൈകുന്നേരം ആറുമണി കഴിഞ്ഞാൽ അതിരപ്പിള്ളിയിലെ യുവാക്കളും മുതിർന്നവരും ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനയെ ഓടിക്കാൻ ഒത്തുകൂടും. ജനകീയ കൂട്ടായ്മയെന്ന വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് വിവരങ്ങൾ കൈമാറുന്നത്. ആനയെ കണ്ടാൽ ഉടൻ പടക്കം പൊട്ടിച്ച് അവയെ തുരത്തും. അതിനായി പ്രത്യേക ഉപകരണങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ മുക്കിലും മൂലയിലും നാട്ടിലിറങ്ങുന്ന കാട്ടാനയെ ആട്ടിയോടിക്കാൻ കാവലായി ഇവർ ഉണ്ടാകും.14 കോടി രൂപ മുടക്കി നാലുമാസം മുമ്പ് പണിയാൻ തുടങ്ങിയതാണ് സോളർ വേലി. എന്നാൽ ഇതുവരെ പണിപൂർത്തിയായിട്ടില്ല. വാക്കുകൾ പലതും വാഗ്ദാനങ്ങൾ മാത്രമാവുകയാണ്.