ഷാര്‍ജയില്‍ മകളെ കൊലപ്പെടുത്തി ജീവനൊടുക്കിയ വിപഞ്ചികയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന്. ഷാര്‍ജയിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം നാളെയോ മറ്റന്നാളോ വിപഞ്ചികയുടേയും മകളുടേയും മൃതദേഹം നാട്ടിലെത്തിക്കാനാണ് ബന്ധുക്കളുടെ ശ്രമം. മൃതദേഹം നാട്ടിലെത്തിച്ചാല്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തണമെന്നു ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷാര്‍ജയിലെ ഫ്ലാറ്റില്‍ മൃതദേഹം കണ്ടെത്തിയതെങ്കിലും യുവതിയുടെ പോസ്റ്റ്മോര്‍ടം നടപടികള്‍ നടത്തിയിരുന്നില്ല. കേസുമായി ബന്ധപ്പെട്ട കാലതാമസമായിരുന്നു കാരണം. എന്നാല്‍ കുഞ്ഞിന്‍റെ പോസ്റ്റ്മോര്‍ടം വെളളിയാഴ്ച നടത്തിയിരുന്നു. കഴുത്ത് ഞെരിച്ചായിരുന്നു മരണം എന്നാണ് റിപ്പോര്‍ട്. യുവതിയുടെ പോസ്റ്റുമോര്‍ടം നടത്തിയാല്‍ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനാണ് ശ്രമം. നാളയോ മറ്റന്നാളോ എത്തിക്കാനാകുമെന്നാണ് ബന്ധുക്കളുടെ വിശ്വാസം. വിപഞ്ചികയുടെ ഷാര്‍ജയിലുള്ള ബന്ധുക്കള്‍ ഇതിനായി ശ്രമം തുടങ്ങിയിട്ടുണ്ട്.
നാട്ടിലെത്തിയാല്‍ പോസ്റ്റ് മോര്‍ടം നടപടികള്‍ ഒരിക്കല്‍ കൂടി നടത്തണമെന്നു പൊലീസ് മേധാവിയോടും സര്‍ക്കാരിനോടും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. ഷാര്‍ജയിലെ പോസ്റ്റ് മോര്‍ടം നടപടികളില്‍ നിതീഷും വീട്ടുകാരും ഇടപെടാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയാണ് കുടുംബത്തിന്‍റെ ആവശ്യം. ഇക്കാര്യത്തില്‍ പൊലീസിന്‍റെ പ്രതികരണം വന്നിട്ടില്ല.
സ്ത്രീധന, ഗാര്‍ഹിക പീഡനമാണ് യുവതിയുടേയും മകളുടേയും മരണത്തിലേക്ക് നയിച്ചതെന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്. മരണത്തിലും അസ്വാഭാവികതയുണ്ടെന്നും കുടുംബം പൊലീസിനു നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് വിപഞ്ചികയും മകളും ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.