ഷാര്‍ജയില്‍ മകളോടൊപ്പം ജീവനൊടുക്കിയ വിപഞ്ചികയുടെ മരണത്തില്‍ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസ്. വിപഞ്ചികയുടെ ഫോണ്‍ ഹാജരാക്കാന്‍ വീട്ടുകാര്‍ക്ക് നോട്ടിസ് നല്‍കി. ഭര്‍ത്താവ് നിതീഷിനെതിരെ ലുക്ക് ഔട്ട് നോട്ടിസ് ഇറക്കുന്നതിന്‍റെ ഭാഗമായുള്ള രേഖകളും പൊലീസ് ഇതിനോടകം ശേഖരിച്ചുകഴിഞ്ഞു.
ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം റജിസ്റ്റര്‍ ചെയ്ത കേസിലാണ് പൊലീസ് ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാനൊരുങ്ങുന്നത്. ഷാര്‍ജയിലെത്തിയ വിപഞ്ചികയുടെ സഹോദരന്‍റെ കൈവശം വിപഞ്ചികയുടെ ഫോണ്‍ ഷാര്‍ജ പൊലീസ് കൈമാറിയിരുന്നു. സൈബര്‍ പൊലീസിന്‍റെ സഹായത്തോടെ ഫോണ്‍ പരിശോധിച്ച് കൂടുതല്‍ അന്വേഷണത്തിലേക്ക് കടക്കാനാണ് തീരുമാനം.
കോള്‍ ഡീറ്റയില്‍സ്, അവസാനം വിളിച്ചതാരെയൊക്കെ , എന്തെല്ലാം സംസാരിച്ചു തുടങ്ങിയതാണ് പൊലീസ് തേടുന്നത്. വാട്സാപ് ഡീറ്റയില്‍സും പരിശോധിക്കുന്നുണ്ട്. വിപഞ്ചികയുടെ മരണത്തിനുശേഷം ഫെയ്സ്ബുക്കില്‍ നിന്നു ഫോട്ടോ ഡിലീറ്റ് ചെയ്തതാരെന്നും അറിയേണ്ടതുണ്ട്. മൃതദേഹത്തിന്‍റെ വിശദമായ റീപോസ്റ്റ്മോര്‍ടം റിപ്പോര്‍ടും പൊലീസ് തേടിയിട്ടുണ്ട്. വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷിനെതിരെ പൊലീസ് ഉടന്‍ ലുക്ക് ഔട് നോട്ടിസ് ഇറക്കിയേക്കും . ഇതിനായി പാസ്പോര്‍ട് രേഖകളടക്കം ശേഖരിച്ചിട്ടുണ്ട്. കുണ്ടറ പൊലീസ് റജിസ്ററര്‍ ചെയ്ത കേസില്‍ നിതീഷ് ഒന്നാം പ്രതിയും, സഹോദരി നീതു രണ്ടാം പ്രതിയും അഛന്‍ മൂന്നാം പ്രതിയുമാണ്.