തിരുവനന്തപുരം വക്കം പഞ്ചായത്ത് അംഗം അരുണും അമ്മ വത്സലയും തൂങ്ങിമരിച്ച നിലയിൽ. കള്ളക്കേസുകളിൽ കുടുക്കിയതാണ് ആത്മഹത്യക്ക് കാരണമെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് വാട്സാപ്പ് വഴി സുഹൃത്തുക്കൾക്ക് അയച്ച ശേഷമാണ് ഇരുവരും ജീവനൊടുക്കിയത്. ആത്മഹത്യാക്കുറിപ്പിൽ ഉത്തരവാദികളായ ചിലരുടെ പേരും പരാമർശിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ഓണാഘോഷവുമായി ബന്ധപ്പെട്ട് നാട്ടിൽ നടന്ന തർക്കത്തിൽ ജാതി പറഞ്ഞ് അധിക്ഷേപിച്ചു എന്ന പേരിൽ അരുണിനെതിരെ കേസെടുത്തിരുന്നു. ഈ കേസ് കെട്ടിച്ചമച്ചതാണെന്നും, ഇത് കാരണം പാസ്പോർട്ട് വെരിഫിക്കേഷൻ പോലും നടക്കുന്നില്ലെന്നും ആത്മഹത്യാക്കുറിപ്പിൽ അരുൺ വ്യക്തമാക്കുന്നു. തനിക്കെതിരെ പരാതി നൽകിയിട്ടുള്ള വ്യക്തി ഉൾപ്പെടെയുള്ളവരുടെ പേരുകൾ പരാമർശിച്ചുകൊണ്ടുള്ള ആത്മഹത്യാക്കുറിപ്പ് മരിക്കുന്നതിന് തൊട്ടുമുമ്പ് അരുൺ തന്റെ സുഹൃത്തുക്കൾക്ക് വാട്സാപ്പ് വഴി അയച്ചു കൊടുക്കുകയായിരുന്നു.
രാവിലെ എഴുന്നേറ്റപ്പോഴാണ് അരുണിന്റെ സുഹൃത്തുക്കൾ ഈ കത്ത് കാണുന്നത്. ഉടൻതന്നെ ഇവർ വീട്ടിലെത്തി വാതിൽ ചവിട്ടി തുറന്ന് അകത്ത് കടന്നപ്പോൾ അരുണിനെയും അമ്മ വത്സലയെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.