trivandrum-corporation

സിപിഎം കൗൺസിലർക്ക് അനധികൃത നിയമനം നൽകുന്നതിനെ ചൊല്ലി തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളിയും സംഘർഷവും. ബിജെപി - സിപിഎം കൗൺസിലർമാരാണ് ഏറ്റുമുട്ടിയത്. മേയറുടെ ഡയസിൽ കയറി പ്രതിഷേധിച്ച ബിജെപി കൗൺസിലർമാരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി. അതേസമയം, സിപിഎം കൗൺസിലർ രാജിവയ്ക്കാതെ തന്നെ എൽ.എസ് കവിത ഉൾപ്പെടെയുള്ളവരെ സാനിട്ടേഷൻ വർക്കർമാരായി നിയമിച്ചുള്ള അജൻഡ ബഹളത്തിനിടയിൽ പാസാക്കി.

കഴക്കൂട്ടം കൗൺസിലർ എൽ.എസ്. കവിത, പൂങ്കുളം കൗൺസിലറുടെ ഉറ്റബന്ധു, സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 56 പേരെ 23700 രൂപ തുടക്കശമ്പളത്തിൽ  സാനിട്ടേഷൻ വർക്കർമാരായി നിയമിക്കുന്നതിനെതിരെയാണ് ബി ജെ പി പ്രതിഷേധ ഉയർത്തിയത്. മേയർ എത്തും മുൻപേ ബിജെപി വനിതാ കൗൺസിലർമാർ ഡയസ് കീഴടക്കി. പൊലീസ് എത്തി ഇവരെ ബലം പ്രയോഗിച്ച് നീക്കി. സിപിഎം കൗൺസിലർമാരുടെയും പൊലീസിൻ്റെ കവചത്തിൽ മേയർ ആര്യാ രാജേന്ദ്രൻ നടപടികൾ തുടങ്ങി. ഇതിനിടയിൽ ബി ജെ പി ഉയർത്തിയ ബാനർ വലിച്ചുകീറിയത് കയ്യാങ്കളിയിൽ കലാശിച്ചു.

ബഹളത്തിനിടയിൽ സിപിഎം കൗൺസിലർ എൽ എസ് കവിത ഉൾപ്പെടെയുള്ളവരെ നിയമിക്കാനുള്ള വഴിവിട്ട നീക്കം ഭരണപക്ഷം കയ്യടിച്ച് പാസാക്കി യോഗം പിരിച്ചുവിട്ടു. ശക്തമായ പ്രതിഷേധം തുടരുമെന്ന് ബിജെപി പറഞ്ഞു. നിയമനം നേടിയ ശേഷം കവിത കൗൺസിലർ സ്ഥാനം രാജിവെക്കുമെന്ന് ഡെപ്യൂട്ടി മേയർ പി കെ രാജു പറഞ്ഞു

ENGLISH SUMMARY:

A dispute over the alleged illegal appointment given to a CPM councillor led to chaos and physical altercation during the Thiruvananthapuram Corporation Council meeting. The session witnessed heated arguments and scuffles between members.