തിരുവനന്തപുരം കോർപറേഷൻ തിരഞ്ഞെടുപ്പിൽ ശാസ്തമംഗലം വാർഡിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ ജയിച്ചുകയറി മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ.ശ്രീലേഖ. ഇത്തവണ തലസ്ഥാനം ഭരിക്കാന്‍ പോകുന്നത് എൻഡിഎ ആണെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ശ്രീലേഖ ഇതിന് മുന്‍പ് ശാസ്തമംഗലം വാർഡിൽ ആര്‍ക്കും ഈ ലീഡ് കിട്ടിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി.
ഇപ്പോഴെങ്കിലും ഈ അവസരം തന്നതിന് ജനങ്ങൾക്ക് നന്ദി പറഞ്ഞ ആർ.ശ്രീലേഖ വാഗ്‌ദാനങ്ങളൊന്നും പാഴ്‌വാക്കാകില്ലെന്ന് വ്യക്തമാക്കി. മേയറാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് ബിജെപിയുടെ അധ്യക്ഷൻ തീരുമാനിക്കുമെന്നായിരുന്നു ശ്രീലേഖയുടെ മറുപടി.
തിരുവനന്തപുരത്തെ ബിജെപിയുടെ സര്‍പ്രൈസ് പ്രഖ്യാപനമായിരുന്നു ആര്‍.ശ്രീലേഖയുടെ സ്ഥാനാര്‍ഥിത്വം. എന്‍ഡിഎ ഭരണം പിടിച്ചാല്‍ മേയറാക്കും എന്ന് സാധ്യത തള്ളാതെയായിയുന്നു ശ്രീലേഖയുടെ പ്രചാരണം. നിലവില്‍ ബിജെപിയുടെ വാര്‍ഡാണ് ആര്‍.ശ്രീലേഖ വിജയിച്ച ശാസ്തമംഗലം.
ശ്രീലേഖയുടെ സ്ഥാനാര്‍ഥിത്വത്തിനൊപ്പം വിവാദങ്ങളും കൂടെയുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളില്‍ പേരിനൊപ്പം ഐപിഎസ് ഉപയോഗിച്ചത് അടക്കമുള്ള വിവാദങ്ങള്‍ ശ്രീലേഖക്കെതിരെ ഉയര്‍ന്നിരുന്നു. ചട്ടവിരുദ്ധ നടപടിയുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചിരുന്നു. മാത്രമല്ല വോട്ടെടുപ്പ് ദിനത്തില്‍ ചട്ടവിരുദ്ധമായി തിരഞ്ഞെടുപ്പ് സര്‍വേ ഫലം പ്രസിദ്ധീകരിച്ചതും വിവാദമായിരുന്നു.