സംസ്ഥാന വിജിലൻസ് വകുപ്പിനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാൻ സർക്കാർ നീക്കം. കേന്ദ്ര ഏജൻസികളെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ മാതൃകയിലാണ് സംസ്ഥാന സർക്കാരിന്റെ ഈ നടപടി. കേസ് വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാകുന്നത് അന്വേഷണങ്ങളെ ബാധിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ നീക്കം.

വിജിലൻസ് ഡയറക്ടറായിരുന്ന യോഗേഷ് ഗുപ്ത ജനുവരി പതിനൊന്നാം തീയതി നൽകിയ കത്തിലാണ് വിജിലൻസിനെ വിവരാവകാശ നിയമ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്. ഒരു പരാതി ലഭിച്ചാൽ പ്രാഥമിക അന്വേഷണവും തുടർന്ന് വെരിഫിക്കേഷനും നടത്തിയ ശേഷമാണ് വിജിലൻസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നത്. 

കേസെടുത്ത് അന്വേഷിച്ച ശേഷവും പലതരത്തിലുള്ള വിവരശേഖരണം ഉണ്ടാകും. ഈ ഘട്ടങ്ങളിൽ വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങൾ ചോദിച്ചാൽ മറുപടി നൽകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് കത്തിൽ ചൂണ്ടിക്കാട്ടുന്നത്. അതിനാൽ, വിജിലൻസിനെ ഒന്നടങ്കം വിവരാവകാശ നിയമ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.

ഈ കത്ത് ആഭ്യന്തര വകുപ്പിന്റെ നടപടികളുടെ ഭാഗമായി പൊതുഭരണ വകുപ്പിന് കൈമാറിയിട്ടുണ്ട്. പൊതുഭരണ വകുപ്പ് ഇത് പരിശോധിച്ച് വിജിലൻസിനെ ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവിറക്കുക എന്നുള്ളതാണ് അടുത്ത നടപടി. എന്നാൽ, ഈ നീക്കത്തെ സംസ്ഥാന വിവരാവകാശ കമ്മീഷണർ എതിർക്കുമോ എന്നതാണ് ഇപ്പോൾ ഉറ്റുനോക്കുന്നത്. 

ENGLISH SUMMARY:

The Kerala government is moving to exempt the State Vigilance Department from the purview of the Right to Information (RTI) Act, following a model similar to that adopted by central agencies. The move is based on a letter from the former Vigilance Director citing that public access to case information could negatively impact ongoing investigations. The final decision rests with the Public Administration Department, while it remains to be seen whether the State Information Commission will oppose the move.