kerala-highcourt-kochi

ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വിസി നിയമനത്തിൽ ഗവർണർക്കെതിരെ സംസ്ഥാന സർക്കാരിന് വിജയം. താൽകാലിക വിസിമാരുടെ നിയമനം സര്‍ക്കാര്‍ നൽകുന്ന പാനലില്‍ നിന്ന് തന്നെ നടത്തണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ഉത്തരവിട്ടു. ഡോ.സിസ തോമസിന്റേയും, ഡോ. എ.ശിവപ്രസാദിൻ്റെയും നിയമനം ചട്ട വിരുദ്ധമാണെന്ന് സിംഗിൾ ബെഞ്ചിന് പിന്നാലെ ഡിവിഷൻ ബെഞ്ചും ഉത്തരവിട്ടത് ചാൻസിലർ കൂടിയായ ഗവർണർക്ക് കനത്ത തിരിച്ചടിയായി.

മനസ്സര്‍പ്പിച്ചല്ല ചാന്‍സലറുടെ തീരുമാനമെന്നും, മുന്‍കാല വിധിന്യായങ്ങള്‍ നിയമന സമയത്ത് പരിഗണിച്ചില്ലെന്നും നിരീക്ഷിച്ചാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. സര്‍ക്കാരിന്റെ ശുപാർശ പരിഗണിച്ച് മാത്രമേ താൽക്കാലിക വിസിയെ നിയമിക്കാവൂ എന്നായിരുന്നു സിംഗിൾ ബെഞ്ച് വിധി. താൽകാലിക വിസിയാണെങ്കിലും യുജിസി ചട്ടങ്ങൾക്ക് അനുസൃതമായ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണമെന്നും സിംഗിൾ ബെഞ്ച് നിർേദശിച്ചിരുന്നു. ഇതിനെതിരെ ഗവർണർ നൽകിയ ഹർജിയാണ് ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, പി.വി.ബാലകൃഷ്ണൻ എന്നിവരുടെ ബെഞ്ച് തള്ളിയത്.

സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് സുപ്രധാന പങ്കുണ്ടെന്ന് ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി. വിസിമാര്‍ സര്‍വകലാശാലാ താൽപര്യം സംരക്ഷിക്കണം. താല്‍കാലിക വിസി നിയമനം താല്‍കാലിക സംവിധാനം മാത്രമാണ്. ഇവരുടെ കാലാവധി ആറ് മാസത്തില്‍ കൂടരുത്. സര്‍ക്കാരിന്റെ ശുപാര്‍ശയില്ലാതെ നിയമനം നടത്തരുതെന്നാണ് 2022ലെ സിസ തോമസ് കേസിലെ വിധി. അതിനാൽ വിസി നിയമനം സര്‍ക്കാര്‍ നൽകുന്ന പാനലിൽ നിന്നുതന്നെ നടത്തണം. വിസി സ്ഥാനം ഒഴിഞ്ഞുകിടക്കുന്നത് സര്‍വകലാശാലാ താല്‍പര്യമല്ലെന്നും, സ്ഥിരം വിസിമാരെ നിയമിക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്നും ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിലുണ്ട്.

ENGLISH SUMMARY:

Kerala HC strikes down Governor's VC picks, orders appointment from government panel