വൈദ്യുതിമന്ത്രിക്കും അനര്‍ട്ട് സിഇഒയ്ക്കുമെതിരെ രമേശ് ചെന്നിത്തല എംഎല്‍എ ഉന്നയിച്ച നൂറുകോടിയുടെ അഴിമതി ആരോപണത്തില്‍ ഇന്ന് പുതിയ തെളിവുകള്‍ പുറത്തുവിടും. പി.എം. കുസും പദ്ധതിയില്‍ അനര്‍ട്ടിനെ ഉപയോഗിച്ച് നടത്തുന്ന അഴിമതി മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് രമേശ് ചെന്നിത്തല ഫെയ്സ്ബുക്കില്‍ കുറിച്ചു. അഴിമതിയുടെ യഥാര്‍ഥ ചിത്രം കാന്‍സര്‍ പോലെ വ്യാപിച്ചുകിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷകര്‍ക്ക് ജലസേചന പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കാനായി രണ്ടുമുതല്‍ 10 കിലോവാട്ട് വരെ ശേഷിയുള്ള സൗരോര്‍ജ പ്ലാന്‍റുകള്‍ സൗജന്യമായി വച്ചുനല്‍കുന്നതാണ് പി.എം.കുസും പദ്ധതി. 240 കോടി രൂപയുടെ പദ്ധതിയില്‍ വൈദ്യുതിമന്ത്രിയുടെ പിന്തുണയില്‍ നൂറുകോടിയുടെ അഴിമതി നടത്തിയെന്നാണ് ചെന്നിത്തല വെള്ളിയാഴ്ച ആരോപിച്ചത്. സംസ്ഥാനസര്‍ക്കാരിന്‍റെ കയ്യില്‍ പണമില്ലാത്തതിനാല്‍ നബാര്‍ഡില്‍ നിന്ന് 175 കോടി രൂപ വായ്പയെടുത്താണ് പദ്ധതി നടപ്പാക്കിയത്.
സോളര്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിന് അനര്‍ട്ട് സിഇഒ നേരിട്ട് ടെന്‍ഡര്‍ വിളിച്ചതും കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാനനിരക്കിന്‍റെ ഇരട്ടിയിലേറെ തുകയ്ക്ക് കേരളത്തില്‍ ടെന്‍ഡര്‍ നല്‍കിയതും ഗ്രേഡിങ് ഇല്ലാത്ത കമ്പനികള്‍ക്ക് വരെ ഇതേ നിരക്ക് അനുവദിച്ചതുമെല്ലാം ഗുരുതര ക്രമക്കേടാണെന്ന് ചെന്നിത്തല ആരോപിക്കുന്നു. 5 കോടി രൂപ വരെ മാത്രം ടെന്‍ഡര്‍ വിളിക്കാന്‍ അനുമതിയുള്ള അനര്‍ട്ട് സിഇഒ 240 കോടി രൂപയുടെ ടെന്‍ഡര്‍ വിളിച്ചു. ഇത് വൈദ്യുതി മന്ത്രിയുടെ പിന്തുണയും നിര്‍ദേശവും സര്‍ക്കാരിന്‍റെ പ്രത്യേകാനുമതിയും ഇല്ലാതെ നടക്കില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നു.