40 രൂപയ്ക്ക് ഊണ് നൽകുന്ന കൊച്ചി കടവന്ത്രയിലെ സമൃദ്ധി ഹോട്ടലില്‍ തിരക്കോട് തിരക്ക്. എന്നാൽ, സമൃദ്ധി തങ്ങളുടെ വയറ്റത്തടിച്ചെന്നാണ് സമീപത്തെ സ്വകാര്യ ഹോട്ടലുകളുടെ ആക്ഷേപം. വില കുറച്ചു വിൽക്കുന്നതിന് എതിർപ്പ് നേരിടുന്നതിനിടയിലും ട്രെയിനിൽ ഭക്ഷണം വിതരണം ചെയ്യാനുള്ള കരാർ നേടി മുന്നോട്ടു കുതിക്കുകയാണ് സമൃദ്ധി.
പരാമര റോഡിലുള്ള കൊച്ചി കോർപ്പറേഷന്റെ സമൃദ്ധി ഹോട്ടലിലെ 20 രൂപയുടെ ഊണ് പണ്ടേ ഹിറ്റാണ്. ഇതിനു പിന്നാലെയാണ് അടുത്തിടെ, ജിസിഡിഎയിൽ സമൃദ്ധി തുടങ്ങിയത്. ഊണിന് 40 രൂപ. മീൻ കറി കൂട്ടി ചോറുണ്ണാൻ 70 രൂപ നൽകിയാൽ മതി.
കുറഞ്ഞ വിലയ്ക്ക് മികച്ച ഭക്ഷണം കിട്ടുമെന്നായതോടെ, സമൃദ്ധി നിറഞ്ഞു. പക്ഷേ, ഈ തിരക്ക് കാരണം വലിയൊരു പരാതി ഉയർന്നു. സമൃദ്ധി തുടങ്ങിയതിൽ പിന്നെ സമീപത്തെ സ്വകാര്യ ഹോട്ടലുകളിൽ കഴിക്കാൻ എത്തുന്നവരുടെ എണ്ണം കുറഞ്ഞത്രേ. ഇങ്ങനെയൊക്കെ ആണെങ്കിലും, നിലവിലെ നിരക്കിൽ ഭക്ഷണം നൽകാൻ തന്നെയാണ് സമൃദ്ധിയുടെ തീരുമാനം. ട്രെയിനുകളിലേക്ക് ഭക്ഷണം വിതരണം ചെയ്യാനുള്ള അവസരവും സമൃദ്ധിയെ തേടി എത്തിയിട്ടുണ്ട്. ജനശതാബ്ദി, ഇന്റർസിറ്റി, പരശുറാം ട്രെയിനുകളിൽ മൂന്നുനേരം ഭക്ഷണം വിതരണം ചെയ്യാനാണ് കരാർ.