പാലക്കാട് പൊൽപ്പള്ളിയിൽ കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പൊള്ളലേറ്റ സഹോദരങ്ങള്‍ മരിച്ചു. നാലുവയസുകാരി എമിലീന മാര്‍ട്ടിന്‍, ആറുവയസുകാരന്‍ ആല്‍ഫ്രഡ‍് എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റ അമ്മയുടെ നില ഗുരുതരമായി തുടരുകയാണ്.
ഇന്നലെ സ്റ്റാര്‍ട്ടാക്കുമ്പോളാണ് കാര്‍ പൊട്ടിത്തെറിച്ചത്. കാലപ്പഴക്കം സംഭവിച്ച കാറിൽ ബാറ്ററിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ട് മൂലമെന്ന് പ്രാഥമിക നിഗമനം. കാറിൽ പെട്രോൾ ലീക്കുണ്ടായിരുന്നതായും നിഗമനമുണ്ട്. കുട്ടികള്‍ക്ക് രണ്ടാള്‍ക്കും 90% അധികം പൊള്ളലേറ്റിരുന്നു. എൽസിയും മൂന്നുമക്കളുമാണ് അപകടത്തില്‍പ്പെട്ടത്. മൂത്തമകൾ അലീനയ്ക്ക് 40% പൊള്ളലേറ്റിട്ടുണ്ട്.
55 ദിവസങ്ങൾക്ക് മുമ്പാണ് എൽസിയുടെ ഭർത്താവ് മാർട്ടിൻ ക്യാൻസർ ബാധിച്ചു മരണപ്പെട്ടത്. പാലക്കാട് കണ്ണാടിയിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്സാണ് എൽസി. വൈകിട്ടോടെ വീട്ടിലെത്തിയ എൽസി മക്കൾക്കൊപ്പം പുറത്തേക്ക് പോകാൻ കാർ സ്റ്റാർട്ട് ചെയ്തതിന് പിന്നാലെയാണ് വലിയ അപകടമുണ്ടായത് സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും തീരുമാനം.