കൂറ്റന്‍ മദര്‍ഷിപ്പുകള്‍ക്ക് വിഴിഞ്ഞം ആതിഥ്യമരുളാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം. വിഴിഞ്ഞം തുറമുഖത്തിന്‍റെ ട്രയല്‍ റണിന് തുടക്കമിട്ട് എംഎസ്‌സി സാന്‍ഫെര്‍ണാണ്ടോ എന്ന മദര്‍ഷിപ്പായിരുന്നു ആദ്യമായി വിഴിഞ്ഞത്ത് നങ്കൂരമിട്ടത്. ഒരു വര്‍ഷത്തിനിടെ നാനൂറോളം കപ്പലുകള്‍ വിഴി‍ഞ്ഞത്തെത്തി. കടല്‍ വ്യാപാര ഭൂപടത്തിലെ ഇന്ത്യയുടെ സുപ്രധാന കേന്ദ്രമായി വിഴിഞ്ഞം മാറിയെന്ന് വിസില്‍ എംഡി ദിവ്യ എസ്.അയ്യര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

ഇതായിരുന്ന ആ ചരിത്ര നിമിഷം.  വിഴിഞ്ഞത്ത് ഒരു രാജ്യാന്തര തുറമുഖമെന്ന ഒരു നൂറ്റാണ്ട് കാലത്തെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ട അനര്‍ഘ നിമിഷം.  ആഘോഷാരവങ്ങളോടെ കേരളം അതിനെ വരവേറ്റു. പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. നാളിതുവരെ 391 കപ്പലുകള്‍ വിഴിഞ്ഞത്ത് നങ്കൂരമിട്ട് ചരക്കുകള്‍ കൈമാറി. ലോകത്തിലെ ഏറ്റവും വലിയ കപ്പലുകളിലൊന്നായ എം.എസ്.സി ഐറിന ഉള്‍പ്പെടെ എല്ലാ തരത്തിലുള്ള കണ്ടെയ്നര്‍ ഷിപ്പുകളും വിഴിഞ്ഞത്ത് ഊഴമിട്ടെത്തി.  

പത്ത് മാസം നീണ്ടുനിന്ന ട്രയല്‍ റണ്‍ കാലത്തുതന്നെ 250ഓളം കണ്ടെയ്നര്‍ ഷിപ്പുകള്‍ വിഴിഞ്ഞത്ത് എത്തി. മേയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുറമുഖം രാജ്യത്തിന് ഔദ്യോഗികമായി സമര്‍പ്പിച്ചതിന് ശേഷം ദിവസം രണ്ട് കപ്പലുകള്‍ എന്ന തോതില്‍ വിഴിഞ്ഞത്ത് എത്തുന്നുണ്ട്.

ട്രയല്‍ റണ്‍ കാലത്ത് തന്നെ അഞ്ച് ലക്ഷത്തിലധികം കണ്ടെയ്നറുകള്‍ തുറമുഖം കൈകാര്യം ചെയ്തു. ഉദ്ഘാടനത്തിന് ശേഷം അത് സ്ഥാപിത ശേഷിയായ പ്രതിവര്‍ഷം പത്ത് ലക്ഷമെന്ന ലക്ഷ്യം മറികടക്കുമെന്നാണ് പ്രതീക്ഷ.  

ENGLISH SUMMARY:

It has been one year since the Vizhinjam Port began hosting massive mother ships. The MSC San Fernando, a mother ship, was the first to anchor at Vizhinjam, marking the beginning of the port's trial run. In the past year, approximately 400 ships have arrived at Vizhinjam.