സര്‍ക്കാര്‍ ആശുപത്രിയിലെ ചികില്‍സയെ ഇകഴ്ത്തിയ മന്ത്രി സജി ചെറിയാനെ പരസ്യമായി തള്ളി സിപിഎം. മന്ത്രിയുടെ പ്രസ്താവനയോട് പാര്‍ട്ടിക്ക് യോജിപ്പില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സിച്ചിരുന്നെങ്കില്‍ താന്‍ മരിച്ചുപോകുമായിരുന്നുവെന്ന് പ്രസ്താവനയില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് കടുത്ത അതൃപ്തി രേഖപ്പെടുത്തി.
കോട്ടയത്ത് കെട്ടിടം തകര്‍ന്നുവീണ് സര്‍ക്കാര്‍ പ്രതിസന്ധിയിലായി നില്‍ക്കുമ്പോഴായിരുന്നു പൊതുജനാരോഗ്യ രംഗത്തെ ഇകഴ്ത്തിയ സജി ചെറിയാന്‍റെ വിവാദ പ്രസ്താവന. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയില്ലെങ്കില്‍ താന്‍ മരിച്ചുപോകുമെന്ന പരാമര്‍ശം സര്‍ക്കാരിന് കനത്ത ക്ഷീണമായി. മന്ത്രിയുടെ പ്രസ്താവനയെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പരസ്യമായി തള്ളി
സജി ചെറിയാന്‍റെ പ്രസ്താവന അനുചിതവും അനാവശ്യവുമായിരുന്നുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. ഇന്നത്തെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ സജി ചെറിയാന്‍ പങ്കെടുത്തില്ലെങ്കിലും മന്ത്രിയുടെ പ്രസ്താവനയെ പാര്‍ട്ടി തള്ളുകയായിരുന്നു. പാര്‍ട്ടിക്കുള്ള വിയോജിപ്പ് സംസ്ഥാന നേതൃത്വം സജി ചെറിയാനെ അറിയിച്ചിട്ടുണ്ട്.