വിദഗ്ധസമിതി ശുപാര്‍ശ അവഗണിച്ചതെന്തിനെന്ന് ചോദ്യത്തിന് മാധ്യമങ്ങളോടു ക്ഷോഭിച്ച് മന്ത്രി ബിന്ദു. മാധ്യമങ്ങള്‍ കോടതികളാകേണ്ടെന്നും റിപ്പോര്‍ട്ട് കണ്ടെങ്കില്‍ ചോദിക്കുന്നതെന്തിനെന്നും പുതിയ ഫോര്‍മുല വിശദീകരിക്കേണ്ട ബാധ്യതയില്ലെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു.
ഇതിനിടെ കീം പ്രവേശന പരീക്ഷയിൽ പുതിയ മാർക്ക് ഏകീകരണ രീതി കൊണ്ടു വന്നത് സംബന്ധിച്ച് മന്ത്രിസഭയിലും വ്യത്യസ്ത അഭിപ്രായമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇത്ര തിരക്കിട്ട് ഇതു വേണോ എന്ന് ചില മന്ത്രിമാർ മുപ്പതാം തീയതി ചേർന്ന മന്ത്രിസഭാ യോഗത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. പൊതുതാൽപര്യം പരിഗണിച്ച് നടപ്പാക്കുന്നു എന്നായിരുന്നു ഉത്തതവിദ്യാഭ്യാസമന്ത്രി ആർ.ബിന്ദുവിന്റെ മറുപടി. പുതിയ റാങ്ക് ലിസ്റ്റിനെതിരെ സംസ്ഥാന സിലബസിൽ പഠിച്ച വിദ്യാർഥികൾ കോടതിയെ സമീപിക്കാനും വഴിയൊരുങ്ങുകയാണ്.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ധൃതിയും പരിഷ്ക്കരണം കൊണ്ടുവരാനുള്ള അമിതാവേശവുമാണ് കിം റാങ്കു പട്ടികയിൽ തിരിച്ചടിയായത്. 30 ന് ചേർന്ന മന്ത്രിസഭയാണ് പുതിയ മാർക്ക് ഏകീകരണ ഫോർമുല അംഗീകരിച്ചത്.
ചാടിപ്പിടിച്ച് ഇതെല്ലാം നടപ്പാക്കിയതാണ് തിരിച്ചടിയായതും റാങ്ക് പട്ടിക കോടതി റദ്ദാക്കിയതും. വിദഗ്ധ സമിതി പോലും തിടുക്കത്തിൽ പുതിയ രീതി നടപ്പാക്കരുതെന്ന് പറഞ്ഞത് മന്ത്രിയും വകുപ്പും ചെവിക്കൊണ്ടില്ല . ഇന്നലെ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ സംസ്ഥാന സിലബസ് പഠിച്ചവർ പിന്നോട്ടുപോയി . ആദ്യ 100 റാങ്കിൽ വെറും 21 പേർ മാത്രമാണ് സംസ്ഥാന സിലബസിൽ പഠിച്ചവർ. ഒന്നാം റാങ്കുപോലും മാറി മറിഞ്ഞു. സ്വാഭാവികമായും സംസ്ഥാന സിലബസിൽ പഠിച്ച് വന്നവർ നിരാശയിലാണ്. പരാതിയുമായി ഇവർ കോടതിയെ സമീപിച്ചാൽ പ്രവേശന പ്രക്രിയ വീണ്ടും താളം തെറ്റും.
കീം റാങ്ക് പട്ടിക പുനപ്രസിദ്ധീകരിച്ചതോടെ എന്‍ജിനീയറിങ് പ്രവേശന പ്രക്രിയക്ക് ഇന്നുതുടക്കമാകും. ഓപ്ഷന്‍ ക്ഷണിച്ചുള്ള അറിയിപ്പ് ഉടനുണ്ടായേക്കും. പുതിയ പട്ടികയില്‍ സംസ്ഥാന സിലബസിൽ പഠിച്ചവർക്ക് വൻ തിരിച്ചടി. ആദ്യ നൂറു റാങ്കിൽ 21 പേർ മാത്രമാണ് സംസ്ഥാന സിലബസിൽ പഠിച്ചവരില്‍ നിന്നുള്ളത്. ആദ്യ റാങ്കുകാരന്‍ ഉള്‍പ്പടെ മറ്റുള്ളവര്‍ സി.ബി.എസ്.ഇ സിലബസ് പഠിച്ചവരാണ്.