കീം പ്രവേശന പരീക്ഷ വീഴ്ചയില്‍ മന്ത്രിയെയും സര്‍ക്കാരിനെയും പരസ്യമായി വിമര്‍ശിച്ച് സിപിഎം. കീം വിഷയത്തില്‍ ആലോചന വൈകി എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സര്‍ക്കാര്‍ ശ്രമം പ്രായോഗികമായില്ലെന്നും പ്രോസ്പെക്റ്റില്‍ സര്‍ക്കാരിന് മാറ്റം വരുത്താമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത തവണ ഉചിതമായ തിരുത്തല്‍ നടത്താന്‍ സര്‍ക്കാരിന് പാര്‍ട്ടി നിര്‍ദേശം നല്‍കിയെന്നും ഗോവിന്ദന്‍ പറഞ്ഞു. കേരള സിലബസുകാര്‍ കീമില്‍ പിന്തള്ളപ്പെടുന്നത് ഒഴിവാക്കണമെന്നും ഇത്തവണത്തേത് അനുഭവ പാഠമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ക്കുവേണ്ടിയാണ് പരീക്ഷ കഴിഞ്ഞ് പ്രോസ്‌പെക്ടസ് തിരുത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ചോദിച്ചു. കീമിനെ കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ച മാധ്യമങ്ങളോട് കോപം കൊണ്ടു പൊട്ടി തെറിച്ചാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പ്രതികരിച്ചത്. ഇതിനിടെ കീം പ്രവേശന പരീക്ഷയിൽ പുതിയ മാർക്ക് ഏകീകരണ രീതി കൊണ്ടു വന്നത് സംബന്ധിച്ച് മന്ത്രിസഭയിലും വ്യത്യസ്ത അഭിപ്രായമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇത്ര തിരക്കിട്ട് ഇതു വേണോ എന്ന് ചില മന്ത്രിമാർ മുപ്പതാം തീയതി ചേർന്ന മന്ത്രിസഭാ യോഗത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. പൊതുതാൽപര്യം പരിഗണിച്ച് നടപ്പാക്കുന്നു എന്നായിരുന്നു ഉത്തതവിദ്യാഭ്യാസമന്ത്രി ആർ.ബിന്ദുവിന്റെ മറുപടി. 

പുതിയ റാങ്ക് ലിസ്റ്റിനെതിരെ സംസ്ഥാന സിലബസിൽ പഠിച്ച വിദ്യാർഥികൾ കോടതിയെ സമീപിക്കാനും വഴിയൊരുങ്ങുകയാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ധൃതിയും പരിഷ്ക്കരണം കൊണ്ടുവരാനുള്ള അമിതാവേശവുമാണ് കിം റാങ്കു പട്ടികയിൽ തിരിച്ചടിയായത്. 30ന് ചേർന്ന മന്ത്രിസഭയാണ് പുതിയ മാർക്ക് ഏകീകരണ ഫോർമുല അംഗീകരിച്ചത്. ചാടിപ്പിടിച്ച് ഇതെല്ലാം നടപ്പാക്കിയതാണ് തിരിച്ചടിയായതും റാങ്ക് പട്ടിക കോടതി റദ്ദാക്കിയതും. വിദഗ്ധ സമിതി പോലും തിടുക്കത്തിൽ പുതിയ രീതി നടപ്പാക്കരുതെന്ന് പറഞ്ഞത് മന്ത്രിയും വകുപ്പും ചെവിക്കൊണ്ടില്ല . 

ഇന്നലെ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ സംസ്ഥാന സിലബസ് പഠിച്ചവർ പിന്നോട്ടുപോയി . ആദ്യ 100 റാങ്കിൽ വെറും 21 പേർ മാത്രമാണ് സംസ്ഥാന സിലബസിൽ പഠിച്ചവർ. ഒന്നാം റാങ്കുപോലും മാറിമറിഞ്ഞു. സ്വാഭാവികമായും സംസ്ഥാന സിലബസിൽ പഠിച്ച് വന്നവർ നിരാശയിലാണ്. പരാതിയുമായി ഇവർ കോടതിയെ സമീപിച്ചാൽ പ്രവേശന പ്രക്രിയ വീണ്ടും താളം തെറ്റും.

ENGLISH SUMMARY:

CPM State Secretary M.V. Govindan admitted that the discussions regarding the KEAM (Kerala Engineering Architecture Medical) entrance examination ranking system were delayed, and the government's efforts were impractical. He stated that the government could amend the prospectus and that the party has instructed the government to implement appropriate corrections next time, calling this year's experience a lesson. Govindan also emphasized the need to prevent students from the Kerala syllabus from being disadvantaged in KEAM.